കാസർകോട്: യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു. കാസർകോട് ബേഡകത്താണ് സംഭവം. തിന്നറൊഴിച്ചതിന് ശേഷം തീകൊളുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് ചിന്നപ്പട്ടണം സ്വദേശി രാമാമൃതത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബേഡകത്ത് പലചരക്ക് കട നടത്തുന്ന രമിതയ്‌ക്ക് (27) നേരെയാണ് ആക്രമണം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലാണ്.
ചൊവ്വാഴ്ച ഉച്ചയ്‌ക്ക് മൂന്നരയോടെയാണ് സംഭവം. രമിതയുടെ കടയ്‌ക്ക് സമീപം ഫർണീച്ചർ ഷോപ്പ് നടത്തുന്നയാളാണ് രാമാമൃതം. ഇയാൾ മദ്യപിച്ച് വരികയും ഇടയ്‌ക്കിടെ ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. തുടർന്ന് കെട്ടിട ഉടമയ്‌ക്ക് രമിത പരാതി നൽകി. ഇതോടെ കടയൊഴിഞ്ഞ് പോകാൻ രാമാമൃതത്തോട് കെട്ടിട ഉടമ ആവശ്യപ്പെട്ടിരുന്നു. തുടർന്നുള്ള വൈരാഗ്യത്തിന്റെ പേരിലാണ് രമിതയെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം.
തിന്നറൊഴിച്ച് തീകൊളുത്തിയതിന് പിന്നാലെ രമിതയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 50 ശതമാനം പൊള്ളലേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് രമിത. രാമാമൃതത്തെ കസ്റ്റഡിയിൽ എടുക്കുമ്പോൾ പ്രതി മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.















