കൊല്ലം പത്തനാപുരത്ത് ഡ്യൂട്ടിക്കിടെ മദ്യപിച്ച പൊലീസുകാരെ തടഞ്ഞ് നാട്ടുകാർ. കൺട്രോൾ റൂം വാഹനത്തിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് നാട്ടുകാരുടെ ആരോപണം. ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ലക്കുകെട്ട് ഇരിക്കുന്നത് ചോദ്യം ചെയ്ത നാട്ടുകാരെ വാഹനമിടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.
കഴിഞ്ഞ നാലാം തിയതി പുലർച്ചെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നത്. പത്തനാപുരത്ത് കൺട്രോൾ റൂം വാഹനത്തിൽ പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു സംഭവം. കടയ്‌ക്കൽ സ്വദേശിയും സബ് ഇൻസ്‌പെക്ടറുമായ സുമേഷും മറ്റൊരു ഉദ്യോഗസ്ഥനുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. സംശയം തോന്നിയ നാട്ടുകാർ സബ് ഇൻസ്‌പെക്ടറോട് സംസാരിച്ചു. ഇതോടെ പൊലീസുകാർ മദ്യപിച്ചിട്ടുണ്ടെന്ന് നാട്ടുകാർക്ക് ബോധ്യമായി. പിന്നാലെയാണ് വാഹനം തടഞ്ഞത്. വാഹനത്തിനുള്ളിൽ മദ്യക്കുപ്പികൾ കണ്ടതായും ആരോപണമുണ്ട്.
വാഹനത്തിന് ചുറ്റും കൂടിയ ആളുകൾ ഉദ്യോഗസ്ഥരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിൽ പൊലീസുകാർ ഇതിന് തയ്യാറായില്ല. നാട്ടുകാർ ഇവരെ തടഞ്ഞതോടെ പൊലീസുകാർ വാഹനം മുന്നോട്ടെടുത്തു. സബ് ഇൻസ്‌പെക്ടർ സുമേഷിനെതിരെ സമാന പരാതികൾ ഉയരുകയും നേരത്തെ വകുപ്പുതല നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം നടത്തി നടപടി എടുക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.















