തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ ഈ മാസം 11ന് വൈകിട്ട് 4.45 മുതല്‍ രാത്രി ഒന്‍പത് മണി വരെ അടച്ചിടും.ഈ സമയത്തെ ആഭ്യന്തര, അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു.
പുതുക്കിയ സമയക്രമം അതത് എയര്‍ലൈനുകളില്‍നിന്നു ലഭിക്കുമെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.പടിഞ്ഞാറെ നടയില്‍ നിന്ന് വൈകിട്ട് പുറപ്പെടുന്ന എഴുന്നള്ളത്ത് സൂര്യാസ്തമയത്തോടെ ശംഖുമുഖത്തെത്തും. വിമാനത്താവളത്തിനുളളിലൂടെയാണ് ആറാട്ട് കടന്നുപോകുന്നത്.
ചന്ദ്രോദയത്തിലാണ് കടലില്‍ ആറാട്ട്. വിമാനത്താവള റണ്‍വേ മുറിച്ചു കടന്നുപോകുന്ന ആചാരപരമായ ഘോഷയാത്രയെ തടസപ്പെടുത്താതിരിക്കാന്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയും ഫ്‌ളൈറ്റ് ഷെഡ്യൂളുകള്‍ ക്രമീകരിക്കുകയും ചെയ്യുന്ന രീതി വര്‍ഷങ്ങള്‍ക്ക് മുന്നേയുണ്ട്.
അനന്തപുരി എന്ന തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യമാണ് ഉത്സവം നടക്കുന്നത്. തുലാമാസത്തിലും മീനമാസത്തിലും. തുലാമാസത്തിലെ ഉത്സവത്തിനെ അല്‍പ്പശി ഉത്സവമെന്നും മീനമാസത്തെ ഉത്സവത്തിനെ പൈങ്കുനി ഉത്സവമെന്നും പറയുന്നു.
പത്ത് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ രണ്ട് ഉത്സവങ്ങളും ആറാട്ടോടെയാണ് സമാപിക്കുക. മീനമാസത്തെ രോഹിണി നാളില്‍ കൊടികയറി തുടര്‍ന്നുള്ള അത്തം നാളില്‍ ആറാട്ടോടെ പൈങ്കുനി ഉത്സവത്തിനു സമാപനമാവും. പടിഞ്ഞാറേ നട, പടിഞ്ഞാറേ കോട്ട വഴി പുറത്തേക്ക് പോകുന്ന ആറാട്ട് എഴുന്നള്ളത്ത് ഈഞ്ചക്കല്‍, വള്ളക്കടവ് വഴി ശംഖുമുഖം കടപ്പുറത്തെത്തും. ചന്ദ്രോദയത്തിന് ശംഖുമുഖം കടലില്‍ ഭഗവാന്‍റെ തിരുവാറാട്ട് നടക്കും. ആറാട്ടിന് ശേഷം ഒമ്പത് മണിയോടെ എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ തിരികെയെത്തും.
ശ്രീപത്മനാഭസ്വാമി, ശ്രീകൃഷ്ണന്‍, ശ്രീനരസിംഹസ്വാമി എന്നിവരുടെ വിഗ്രഹങ്ങളാണ് ആറാട്ടിന് എഴുന്നള്ളിക്കുന്നത്. ആറാട്ട് ഘോഷയാത്രയില്‍ ഭഗവാന് അകമ്പടിയായി മഹാരാജാവ് (രാജസ്ഥാനീയൻ ), വിവിധ അധികാരികള്‍, ക്ഷേത്രത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍, കുതിരപ്പട്ടാളം, വാദ്യഘോഷങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും. പൈങ്കുനി ഉത്സവ ആറാട്ടിന് പത്മനാഭസ്വാമിക്ക് കൂട്ടായി ശ്രീവരാഹം ക്ഷേത്രത്തിലെ വരാഹമൂര്‍ത്തിയാണ് എത്തുന്നത്.അല്‍പ്പശി ഉത്സവ ആറാട്ടിന് പത്മനാഭസ്വാമിക്കൊപ്പം തിരുവല്ലത്തെ പരശുരാമസ്വാമിയും ഉണ്ടാവും.
(ഫോട്ടോ : Padmanabhapuri (പത്മനാഭപുരി) ഫേസ്‌ബുക്ക് ഗ്രൂപ്പ് )















