കൊല്ലം: പത്തനാപുരത്ത് ഡ്യൂട്ടിക്കിടെ മദ്യപിച്ച് ലക്കുകെട്ട് പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. കൺട്രോൾ റൂമിലെ ഗ്രേഡ് എസ്.ഐ. സുമേഷ് ലാൽ, ഡ്രൈവർ സി. മഹേഷ് എന്നിവരെ സസ്‌പെൻഡ് ചെയ്തു. മദ്യപിച്ച് ബോധമില്ലാതെ കൺട്രോൾ റൂം വാഹനത്തിൽ ഇരിക്കുന്ന പൊലീസുകാരുടെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. പൊലീസുകാരെ നാട്ടുകാർ ചോദ്യം ചെയ്യുന്നതിന്റെയും വാഹനം തടയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ നാലാം തിയതി പുലർച്ചെയായിരുന്നു സംഭവം നടന്നത്. പത്തനാപുരത്ത് കൺട്രോൾ റൂം വാഹനത്തിൽ പട്രോളിംഗ് നടത്തിയിരുന്ന ഇരുവരും മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. സംശയം തോന്നിയ നാട്ടുകാർ സബ് ഇൻസ്‌പെക്ടറോട് സംസാരിച്ചു. ഇതോടെ പൊലീസുകാർ മദ്യപിച്ചിട്ടുണ്ടെന്ന് നാട്ടുകാർക്ക് ബോധ്യമായി. പിന്നാലെയാണ് വാഹനം തടഞ്ഞത്. വാഹനത്തിനുള്ളിൽ മദ്യക്കുപ്പികൾ കണ്ടതായും ആരോപണമുണ്ടായിരുന്നു. തുടർന്നാണ് ഇരുവർക്കുമെതിരെ വകുപ്പുതല നടപടി സ്വീകരിച്ചത്.
സസ്പെൻഷനിലായ പൊലീസുകാർക്കെതിരെ നേരത്തെയും നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം. അച്ചടക്ക ലംഘനത്തിന് ഗ്രേഡ് എസ്.ഐ സുമേഷ് ലാലിനെതിരെ റൂറൽ എസ്.പി മുൻപും നടപടിയെടുത്തിരുന്നു. സിപിഒ മഹേഷ് സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ സ്ഥലം മാറ്റത്തിന് വിധേയനായിട്ടുണ്ട്. ഇരുവരുടെയും ട്രാക്ക് റെക്കോർഡ് അത്ര വെടിപ്പല്ലെന്ന സൂചനകളാണ് ഇതിലൂടെ വ്യക്തമാകുന്നത്.















