മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ റാണയെ (64) യുഎസിൽ നിന്ന് നാടുകടത്തിയതായി റിപ്പോർട്ട്. ഏപ്രിൽ പത്തിന് പുലർച്ചെയോടെ തഹാവൂർ റാണ ഇന്ത്യയിലെത്തുമെന്നാണ് വിവരം. റാണയെ അമേരിക്കയിൽ നിന്നെത്തിക്കാൻ NIAയുടെ പ്രത്യേക സംഘം യുഎസിലേക്ക് പോയിരുന്നു. ഇവർക്കൊപ്പം പ്രത്യേക വിമാനത്തിലാണ് റാണ ന്യൂഡൽഹിയിൽ എത്തുക.
ഇന്ത്യയ്‌ക്ക് കൈമാറരുതെന്ന് അപേക്ഷിച്ച് തഹാവൂർ റാണ യുഎസ് കോടതിയെ പലതവണ സമീപിച്ചിരുന്നെങ്കിലും ഹർജികളെല്ലാം തള്ളിപ്പോയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റാണയെ നാടുകടത്തിയത്. ഭീകരാക്രമണക്കേസ് പ്രതിയായ റാണയെ ഇന്ത്യക്ക് കൈമാറുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകിയ ഉറപ്പ് ഇതോടെ പാലിക്കപ്പെട്ടിരിക്കുകയാണ്.
ഇന്ത്യയിലെത്തുന്ന റാണയെ ആദ്യം ഡൽഹിയിലേയും പിന്നീട് മുംബൈയിലേയും അതിസുരക്ഷാ ജയിലിലേക്ക് മാറ്റും. ഇതിന് മുന്നോടിയായി ഡൽഹിയിലെ NIA കോടതിയിൽ റാണയെ ഹാജരാക്കും. കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും. ഇതിന് ശേഷമാകും മുംബൈ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങുക.
ലഷ്കർ ഇ ത്വയ്ബയുടെ സജീവ പ്രവർത്തകൻ ആയിരുന്നു പാകിസ്താനിയായ തഹാവൂർ റാണ. മുംബൈയിലെ 26/11 ആക്രമണത്തിന്റെ പ്രധാന സൂത്രധാരനാണ് ഇയാൾ. മുംബൈ ഭീകരാക്രമണത്തിനായി പ്രധാനപങ്കുവഹിച്ച പാകിസ്താനി-അമേരിക്കൻ ദാവൂദ് ഗിലാനിക്ക് (ഡേവിഡ് കോൾമാൻ ഹെഡ്ലി) യാത്രാരേഖകൾ സംഘടിപ്പിച്ച് നൽകിയത് തഹാവൂർ റാണയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മുംബൈയിൽ എവിടെയെല്ലാം ആക്രമണം നടത്തണമെന്ന് നിരീക്ഷിച്ച് ഉറപ്പിച്ചത് ദാവൂദ് ഗിലാനിയായിരുന്നു. ഇയാൾ നിർദേശിച്ച സ്ഥലങ്ങളാണ് പിന്നീട് ലഷ്കർ ഭീകരർ ആക്രമിച്ചത്. ഭീകരർക്ക് ആവശ്യമായ ലോജിസ്റ്റിക്സ് പിന്തുണ തഹാവൂർ റാണ നൽകിയതായും ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്.