ന്യൂഡൽഹി: ഉപയോക്താക്കൾക്ക് അവരുടെ ആധാർ വിശദാംശങ്ങൾ ഡിജിറ്റലായി പരിശോധിക്കാനും പങ്കിടാനും അനുവദിക്കുന്ന പുതിയ ആധാർ ആപ്പ് പുറത്തിറക്കി കേന്ദ്രസർക്കാർ. ഇത് ആധാർ കാർഡ് കയ്യിൽ കൊണ്ടുനടക്കേണ്ടതിന്റെയുന്നോ ഫോട്ടോ കോപ്പി പകർപ്പുകൾ സമർപ്പിക്കേണ്ടതിന്റെയോ ആവശ്യകത ഇല്ലാതാക്കും. കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ദേശീയ തലസ്ഥാനത്ത് വെച്ച് ആപ്പ് ഔദ്യോഗികമായി പുറത്തിറക്കി.
ഡിജിറ്റൽ നവീകരണത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ കേന്ദ്രമന്ത്രി ആധാർ പരിശോധന എളുപ്പത്തിലും വേഗത്തിലും സുരക്ഷിതവുമാക്കുന്നതിനുള്ള ഒരു നീക്കമായാണ് ആപ്പിനെ വിശേഷിപ്പിച്ചത്. സുരക്ഷിതമായ ഡിജിറ്റൽ മാർഗങ്ങളിലൂടെ, എല്ലായ്പ്പോഴും അവരുടെ സമ്മതത്തോടെ, ആവശ്യമായ ഡാറ്റ മാത്രം പങ്കിടാൻ ആപ്പ് ഉപയോക്താക്കളെ പ്രാപ്തരാക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇപ്പോൾ ഒരു ടാപ്പ് മാത്രം ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ആവശ്യമായ ഡാറ്റ മാത്രമേ പങ്കിടാൻ കഴിയൂ, അതുവഴി അവരുടെ സ്വകാര്യ വിവരങ്ങളിൽ അവർക്ക് പൂർണ്ണ നിയന്ത്രണം ലഭിക്കും,” അദ്ദേഹം പറഞ്ഞു. ആപ്പിന്റെ ഏറ്റവും മികച്ച സവിശേഷതകളിലൊന്ന് ഫേസ് ഐഡി തിരിച്ചറിയൽ, ഇത് സുരക്ഷ വർദ്ധിപ്പിക്കുകയും സ്ഥിരീകരണം തടസരഹിതമാക്കുകയും ചെയ്യുന്നു.യുപിഐ പേയ്‌മെന്റ് നടത്തുന്നതുപോലെ, ഒരു ക്യുആർ കോഡ് സ്കാൻ ചെയ്‌ത് ആധാർ പരിശോധന ഇപ്പോൾ നടത്താനാകും.
ഈ പുതിയ സംവിധാനം വരുന്നതോടെ, ഹോട്ടലുകൾ, കടകൾ, വിമാനത്താവളങ്ങൾ അല്ലെങ്കിൽ മറ്റേതെങ്കിലും പരിശോധനാ കേന്ദ്രങ്ങളിൽ ആളുകൾക്ക് ആധാർ കാർഡുകളുടെ അച്ചടിച്ച പകർപ്പുകൾ കൈമാറേണ്ടതില്ല. നിലവിൽ ബീറ്റാ പരീക്ഷണ ഘട്ടത്തിലുള്ള ഈ ആപ്പ്, ശക്തമായ സ്വകാര്യതാ സുരക്ഷാ മുൻകരുതലുകളോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആധാർ വിവരങ്ങൾ വ്യാജമാക്കുകയോ എഡിറ്റ് ചെയ്യുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യില്ലെന്ന് ഇത് ഉറപ്പാക്കുന്നു. വിവരങ്ങൾ സുരക്ഷിതമായി ഉപയോക്താവിന്റെ അനുമതിയോടെ മാത്രം പങ്കിടുന്നു.















