മുംബൈ: പത്തുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. അതിക്രൂരമായ കൊലപാതകം താനെയിലെ മുംബ്രയിലാണ് നടന്നത്. സംഭവത്തിൽ 19-കാരനായ ആസിഫ് മൻസൂരിയെ താനെ പൊലീസ് അറസ്റ്റ് ചെയ്തു.
മുംബ്രയിലെ സാമ്രാട്ട് നഗറിലുള്ള ഫ്ലാറ്റിലാണ് കൊലപാതകം നടന്നത്. പെൺകുട്ടിയെ പീഡിപ്പിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം ബാത്ത്റൂമിന്റെ ജനൽ വഴി പുറത്തേക്ക് തള്ളി. ആറാം നിലയിൽ നിന്നാണ് പുറത്തേക്കിട്ടത്.
അടുത്തുള്ള കെട്ടിടത്തിൽ താമസിച്ചിരുന്ന കുട്ടിയെ കളിപ്പാട്ടവും ചോക്ലേറ്റും നൽകി പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുവരികയായിരുന്നു പ്രതി. യുവാവിന്റെ വീട്ടിലേക്ക് എത്തിച്ച് പീഡിപ്പിക്കുകയും ശേഷം കൊലപ്പെടുത്തുകയും ചെയ്തു. തൊട്ടുപിന്നാലെ ബാത്ത്റൂമിന്റെ ജനൽ വഴി പുറത്തേക്ക് തള്ളുകയായിരുന്നു.
ഭാരമുള്ള എന്തോ ഒന്ന് തറയിൽ പതിച്ചതിന്റെ ശബ്ദം കേൾക്കാനിടയായ അയൽവാസിയായ യുവതി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. സംഭവത്തിന് പിന്നാലെ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ ആസിഫ് മൻസൂരി പിടിയിലായി.















