ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒരാൾ കൂടി പിടിയിൽ. നേരത്തെ അറസ്റ്റിലായ തസ്ലീമയുടെ ഭർത്താവ് സുൽത്താനെയാണ് എക്സൈസ് പിടികൂടിയത്. ചെന്നൈയിലെ എന്നൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്. ലഹരിക്കടത്തുമായി ഇയാൾക്ക് നേരിട്ട് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ലഭിച്ചതോടെ സുൽത്താന്റെ അറസ്റ്റ് എക്സൈസ് രേഖപ്പെടുത്തി.
ആലപ്പുഴയിൽ തസ്ലീമയിൽ നിന്ന് എക്സൈസ് കണ്ടെത്തിയ ഹൈബ്രിഡ് കഞ്ചാവ് മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചത് തസ്ലീമയുടെ ഭർത്താവ് സുൽത്താനാണെന്നാണ് കണ്ടെത്തൽ. പ്രതി വിദേശയാത്രകൾ നടത്തിയതിന്റെ വിവരങ്ങൾ എക്സൈസ് ശേഖരിച്ചു. തസ്ലീമയെ എക്സൈസ് പിടികൂടിയതോടെ തായ്ലൻഡിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു സുൽത്താൻ. ഇതിനിടെയാണ് അറസ്റ്റിലായത്.
തസ്ലീമയ്‌ക്ക് കാർ വാടകയ്‌ക്ക് എടുക്കാൻ സഹായിച്ച യുവതിയെ എക്സൈസ് ചോദ്യം ചെയ്തു. മറ്റൊരാവശ്യത്തിന് നൽകിയ തന്റെ തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്താണ് തസ്ലീമ കാർ വാടകയ്‌ക്ക് എടുത്തതെന്നാണ് യുവതിയുടെ മൊഴി.















