ദിപിന്‍ ദാമോദരന്‍
ആഗോളതലത്തില്‍ വ്യാപാരയുദ്ധത്തിന്റെ അലയൊലികളടിക്കുമ്പോള്‍ തന്ത്രപരമായ നീക്കമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നടത്തിയിരിക്കുന്നത്. ധനനയ സമിതി യോഗത്തിന് ശേഷം ബുധനാഴ്‌ച്ച ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പലിശ നിരക്ക് കുറച്ചതായി പ്രഖ്യാപിച്ചത് സമ്പദ് വ്യവസ്ഥയ്‌ക്കും വിപണിക്കും കരുത്താകും. റിപ്പോ നിരക്കില്‍ .25 ശതമാനമാണ് കുറവ് വരുത്തിയിരിക്കുന്നത്. ഇതോടെ 6.25 ശതമാനത്തില്‍ നിന്ന് ആറ് ശതമാനത്തിലേക്ക് റിപ്പോനിരക്ക് താഴ്ന്നു. രാജ്യത്തെ ബാങ്കുകള്‍ കേന്ദ്ര ബാങ്കായ ആര്‍ബിഐയില്‍ നിന്നും എടുക്കുന്ന വായ്പയുടെ പലിശനിരക്കാണ് റിപ്പോ.
ഫെബ്രുവരിയില്‍ നടന്ന ധനനയയോഗത്തിലും റിപ്പോ നിരക്കില്‍ ആര്‍ബിഐ കുറവ് വരുത്തിയിരുന്നു. 6.5 ശതമാനത്തില്‍ നിന്ന് 6.25 ശതമാനത്തിലേക്കായിരുന്നു അന്ന് പലിശനിരക്ക് കുറച്ചത്. അതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും പലിശനിരക്ക് കുറച്ചിരിക്കുന്നത്.
താരിഫും സാമ്പത്തിക വളര്‍ച്ചയും
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താരിഫ് യുദ്ധം പ്രഖ്യാപിച്ചതോടെ ആഗോള വിപണികള്‍ കടുത്ത സമ്മര്‍ദത്തിലാണ്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് 26 ശതമാനം തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭാരതം തിരിച്ചേര്‍പ്പെടുത്തിയ താരിഫ് നിരക്ക് ചൈനയെപ്പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. ആഗോള രാഷ്‌ട്രീയ, സാമ്പത്തിക പരിതസ്ഥിതിയില്‍ അതിനെ തന്ത്രപരമായാണ് വിപണി വിദഗ്ധര്‍ കാണുന്നത്. അതേസമയം ട്രംപിന്റെ തീരുവയുദ്ധത്തിന്റെ പരിണിതഫലമായി ഇന്ത്യയുടെ പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ 20-40 ബേസിസ് പോയിന്റിന്റെ കുറവെങ്കിലുമുണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തലുകള്‍. ഇതിന്റെ പശ്ചാത്തലത്തില്‍ നിലവിലെ സാമ്പത്തിക വര്‍ഷത്തെ ഭാരതത്തിന്റെ പ്രതീക്ഷിത വളര്‍ച്ചാനിരക്കില്‍ ഗോള്‍ഡ്മാന്‍ സാക്‌സ് ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ കുറവ് വരുത്തിയിരുന്നു. 6.3 ശതമാനത്തില്‍ നിന്ന് 6.1 ശതമാനമായാണ് കുറച്ചത്.
ആര്‍ബിഐ തീരുമാനം ഗുണം ചെയ്യുന്നതെങ്ങനെ?
മാറിവരുന്ന രാഷ്‌ട്രീയ, സാമ്പത്തിക പരിതസ്ഥിതികള്‍ മനസിലാക്കിയാണ് ആര്‍ബിഐ ഫെബ്രുവരിയിലും ഇപ്പോള്‍ ഏപ്രിലിലും റിപ്പോ നിരക്കില്‍ കുറവ് വരുത്തിയിരിക്കുന്നത്. വിപണിയില്‍ കൃത്യമായ ഇടപെടല്‍ നടത്താനുള്ള നിര്‍ദേശമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും ധനമന്ത്രി നിര്‍മല സീതാരാമനില്‍ നിന്നും കേന്ദ്രബാങ്കിന് ലഭിച്ചിരിക്കുന്നത്. അതാണ് കഴിഞ്ഞ രണ്ട് ധനനയ സമിതി യോഗങ്ങളിലും പ്രതിഫലിച്ചിരിക്കുന്നത്. പലിശനിരക്കിലെ കുറവ് എങ്ങനെയാണ് സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നത് എന്ന് നോക്കാം. ഏറ്റവും ലളിതമായി പറഞ്ഞാല്‍ വാണിജ്യബാങ്കുകളുടെ കടമെടുക്കല്‍ ചെലവ് കുറച്ച് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് റിപ്പോനിരക്കിലെ കുറവ് വഴിവെക്കും. ഇത് ഏതെല്ലാം തരത്തില്‍ സാമ്പത്തികരംഗത്തിനെ ചലനാത്മകമാക്കുമെന്ന് നോക്കാം…
ബാങ്കുകളുടെ ചെലവ് കുറയുന്നു: നേരത്തെ പറഞ്ഞ പോലെ വാണിജ്യ ബാങ്കുകള്‍ കേന്ദ്ര ബാങ്കില്‍ നിന്നും വായ്പ എടുക്കുന്നതിന്റെ പലിശനിരക്കാണ് റിപ്പോ. അതിനാല്‍ തന്നെ നിരക്കിലെ ഇടിവ് ബാങ്കുകളുടെ വായ്പാ ചെലവുകള്‍ കുറയ്‌ക്കും.
കുറത്തനിരക്കില്‍ വായ്പ: ബാങ്കുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ ലഭിക്കുമ്പോള്‍ സ്വാഭാവികമായും ഉപഭോക്താക്കള്‍ക്കും കുറഞ്ഞ പലിശയില്‍ വായ്പ ലഭിക്കുന്നു. ഇത് വായ്പാ വളര്‍ച്ചയിലേക്ക് നയിക്കും. ജനങ്ങള്‍ കൂടുതല്‍ വായ്പ എടുക്കുകയും വിപണി ചലനാത്മകമാകുകയും ചെയ്യുന്നു. ഭവന, വാഹന, ബിസിനസ്, വ്യക്തിഗത വായ്പകളിലെല്ലാം ഇതിന്റെ സ്വാധീനമുണ്ടാകും.
ചെലവിടല്‍ കൂടും: ഏതൊരു സമ്പദ് വ്യവസ്ഥയുടെയും കുതിപ്പിന് ഉപഭോക്തൃ ചെലവിടലിലെ വര്‍ധന അനിവാര്യമാണ്. വായ്പയ്‌ക്ക് ചെലവ് കുറയുമ്പോള്‍ ജനങ്ങള്‍ ഹൗസിങ് ലോണ്‍ പോലുള്ള വലിയ വായ്പകളെടുക്കും. സ്വാഭാവികമായും റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പടെയുള്ള അനുബന്ധ മേഖലകള്‍ സജീവമാകാനും വിപണി ചലനാത്മകമാകനും അത് വഴിവെക്കും. വിവിധ മേഖലകളില്‍ ഇത് പ്രകടമാകും.
നിക്ഷേപം കൂടും: ബിസിനസുകള്‍ക്ക് കൂടുതല്‍ വായ്പ എടുക്കാനും കൂടുതല്‍ പദ്ധതികളില്‍ നിക്ഷേപം നടത്താനും സാധിക്കും. ഇത് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കാനും കാരണമാകും.
സാമ്പത്തികരംഗത്തിന്റെ സമഗ്ര വളര്‍ച്ച: സമ്പദ് വ്യവസ്ഥയിലേക്ക് കൂടുതല്‍ പണമെത്തുന്നു. ചെലവിടലും നിക്ഷേപവുമെല്ലാം കൂടുന്നതോടെയാണിത്. ഇതോടെ ചരക്ക് സേവനങ്ങളുടെയെല്ലാം ആവശ്യകത കൂടുന്നു. ആവശ്യകത കൂടുന്നതനുസരിച്ച് കൂടുതല്‍ തൊഴിലുകളും വില്‍പ്പനയുമെല്ലാമുണ്ടാകുന്നു. ഇത് സാമ്പത്തികരംഗത്തിന്റെ സമഗ്ര വളര്‍ച്ചയിലേക്ക് നയിക്കുന്നു.
ഓഹരി വിപണി കുതിക്കും: പലിശനിരക്ക് കുറയുന്നതോടെ ബോണ്ടുകള്‍, ഫിക്‌സഡ് ഇന്‍കം പദ്ധതികള്‍ തുടങ്ങിയവയ്‌ക്ക് അത്ര ആകര്‍ഷണമുണ്ടാകില്ല. ഇത് നിക്ഷേപകരെ ഓഹരി വിപണിയിലേക്ക് അടുപ്പിക്കും.















