കൽപ്പറ്റ: വയനാട്ടിൽ പുതയതായി ആരംഭിച്ച പാസ്പോർട്ട് സേവാകേന്ദ്രത്തന്റെ ഉദ്ഘാടനം വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിംഗ് നിർവഹിച്ചു. എല്ലാം ലോക്സഭാ മണ്ഡലങ്ങളിലും പാസ്പോർട്ട് സേവാകേന്ദ്രമെന്നത് അന്തരിച്ച മുൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ സ്വപ്നമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ആ ആഗ്രഹമാണ് വയനാട്ടിൽ യാഥാർത്ഥ്യമായത്. ജില്ലയിൽ മൊബൈൽ പാസ്പോർട്ട് ഓഫീസ് ആരംഭിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൽപ്പറ്റയിലെ ഹെഡ് പോസ്റ്റോഫീസിലാണ് പാസ്പോർട്ട് സേവാകേന്ദ്രം സ്ഥാപിച്ചത്. ഇതുവരെ പാസ്പോർട്ടുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ കോഴിക്കോടും വടകരയും എത്തിയാണ് വയനാട്ടുകാർ നിറവേറ്റിയത്. മണിക്കൂറുകളോളം യാത്ര ചെയ്ത് വേണം രണ്ട് പാസ്പോർട്ട് ഓഫീസുകളിലും എത്താൻ. ജില്ലയിൽ കേന്ദ്രം ആരംഭിച്ചതോടെ വലിയ ദുരിതത്തിനാണ് പരിഹാരമായത്.
നിലവിൽ പ്രതിദിനം 50 ഓളം അപേക്ഷകൾ ഇവിടെ കൈകാര്യം ചെയ്യും. മാസങ്ങൾക്കുള്ളിൽ ഇത് 250 അപേക്ഷകളായി ഉയർത്തും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മന്ത്രി ഒ. ആർ കേളു, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.