26-കാരി രണ്ടാം ഭർത്താവിനെയും മൂന്നു മക്കളെയും ഉപേക്ഷിച്ച് 12-ാം ക്ലാസുകാരനെ വിവാഹം ചെയ്തു. യുപിയിലെ അംറോഹയിലാണ് സംഭവം. ഷബ്നം എന്ന യുവതിയാണ് അയൽക്കാരനൊപ്പം ഒളിച്ചോടുകയും പിന്നീട് വിവാഹിതയാവുകയും ചെയ്തത്. സംഭവത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ഇവരുടെ പ്രായ വ്യത്യാസവും മതപരമായ വ്യത്യാസവും പ്രദേശത്ത് ചർച്ചയായിരുന്നു. നാഗിലിലെ ക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹം. കല്യാണത്തിന് പിന്നാലെ ശിവാനി എന്ന പേരും ഇവർ സ്വീകരിച്ചു. പരസ്പര സമ്മതത്തോടെയാണ് വിവാഹമെന്നും സന്തോഷത്തിലാണെന്നും ഇരുവരും പറഞ്ഞു.
“സ്വന്തം ഇഷ്ട പ്രകാരമാണ് ഞങ്ങളുടെ വിവാഹം നടന്നത്. അതിൽ സന്തുഷ്ടരുമാണ്. ഞങ്ങളുടെ ജീവിതത്തിൽ ആരും ഇടപെടരുത്. കാരണം ഞങ്ങൾ പ്രായപൂർത്തിയായവരാണ്. ഒരുമിച്ച് ജീവിക്കാനും മരിക്കാനും പ്രതിജ്ഞയെടുക്കുന്നു”—–ഷബ്നം മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം ഇവരുടെ പ്രണയബന്ധം ഇരു കുടുംബങ്ങളിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയും പഞ്ചായത്ത് കൂടുകയും ചെയ്തിരുന്നു. സമുദായങ്ങളിലെ മുതിർന്ന ആളുകളുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ ഷബ്നത്തിന് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കി രണ്ടാം ഭർത്താവിനെ ഔദ്യോഗികമായി ഡിവോഴ്സ് ചെയ്യാനുള്ള അനുമതി നൽകുകയുമായിരുന്നു. ഇവർ പിന്നീട് ശിവ എന്ന യുവാവിനൊപ്പം പോവുകയായിരുന്നു.
എട്ടുവർഷത്തിന് മുൻപാണ് സെയ്ദ് നാഗ്ലിയിലായിരുന്നു ഷബ്നത്തിന്റെ രണ്ടാം വിവാഹം. ഒരു വർഷത്തിന് മുൻപ് ഇവരുടെ രണ്ടാം ഭർത്താവിന് ഒരു അപകടത്തിൽ അംഗവൈകല്യം സംഭവിച്ചിരുന്നു. ഈ ബന്ധത്തിൽ മൂന്ന് കുട്ടികളുമുണ്ട്. ഇതിനിടെയാണ് ശിവയുമായി അടുക്കുന്നതും. അലിഗഡിലാണ് ഇവരുടെ ആദ്യ വിവാഹം നടക്കുന്നത്. കുട്ടികൾ രണ്ടാം ഭർത്താവിനൊപ്പമാണ് താമസിക്കുന്നത്.















