മുംബൈ: സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന ടോള്‍ നയം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. അടുത്ത 8-10 ദിവസത്തിനകം ശുഭവാര്‍ത്ത കേള്‍ക്കാവാനുമെന്നും ഗഡ്കരി വ്യക്തമാക്കി. ടോള്‍ പ്രക്രിയയില്‍ സമഗ്രമായ മാറ്റം വരുത്തുകയാണെന്നും ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയില്ലെന്നും ഗഡ്കരി വ്യക്തമാക്കി.
പുതിയ ടോള്‍ സംവിധാനം നടപ്പിലാക്കുന്നത് ടോള്‍ നിരക്കുകള്‍ കുറയുന്നതിന് കാരണമാകുമെന്നും യാത്രക്കാരുടെ സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള ദീര്‍ഘകാല ആശങ്കകള്‍ പരിഹരിക്കുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
നിലവില്‍, ദേശീയപാതകളിലെ ടോള്‍ പ്ലാസകള്‍ 2008 ലെ നാഷണല്‍ ഹൈവേ ഫീസ് നിയമങ്ങള്‍ പ്രകാരമാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് ഒരു ദേശീയ പാതയുടെ ഒരേ ഭാഗത്തും ദിശയിലുമുള്ള ടോള്‍ പ്ലാസകള്‍ പരസ്പരം 60 കിലോമീറ്ററിനുള്ളില്‍ സ്ഥാപിക്കാന്‍ പാടില്ല എന്ന് വ്യവസ്ഥ ചെയ്യുന്നു.
ഇന്ത്യയുടെ ടോള്‍ പിരിവില്‍ സമീപ വര്‍ഷങ്ങളില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 2023-24 ല്‍ വരുമാനം 64,809.86 കോടി രൂപയിലെത്തി. മുന്‍ വര്‍ഷത്തേക്കാള്‍ 35% വര്‍ധനവാണുണ്ടായത്. 2019-20 കാലഘട്ടത്തില്‍ 27,503 കോടി രൂപയായിരുന്നു ടോള്‍ പിരിവ്.
ഉപഗ്രഹാധിഷ്ഠിത ടോള്‍ സംവിധാനം
2025 ഏപ്രിലോടെ ഉപഗ്രഹ അധിഷ്ഠിത ടോള്‍ പിരിവ് സംവിധാനം നടപ്പിലാക്കാന്‍ ഇന്ത്യ തയ്യാറെടുക്കുകയാണ്. ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ജിഎന്‍എസ്എസ്) ഉപയോഗിക്കുന്ന ഈ പുതിയ സംവിധാനം, വാഹനങ്ങളിലെ ഓണ്‍ബോര്‍ഡ് യൂണിറ്റുകള്‍ ഉപയോഗിച്ച് വാഹന സഞ്ചാരം ട്രാക്ക് ചെയ്യുന്നതിനും യാത്ര ചെയ്ത ദൂരത്തെ അടിസ്ഥാനമാക്കി ടോള്‍ ചാര്‍ജുകള്‍ കണക്കാക്കുന്നതിനും ഉപയോഗിക്കും.
നിലവിലെ ആര്‍എഫ്‌ഐഡി അധിഷ്ഠിത ഫാസ്റ്റ് ടാഗ് സിസ്റ്റത്തില്‍ നിന്നുള്ള ഒരു പ്രധാന മാറ്റമാണിത്. ടോള്‍ പിരിവ് കാര്യക്ഷമമാക്കാനും, തിരക്ക് കുറയ്‌ക്കാനും, ടോള്‍ പ്ലാസകളുടെ ആവശ്യകത ഇല്ലാതാക്കാനും ഇത് സഹായിക്കും.
20 കിലോമീറ്റര്‍ വരെ ഇളവ്
ഹ്രസ്വദൂര യാത്രക്കാര്‍ക്ക് പ്രതിദിനം 20 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് ഇളവ് നല്‍കുന്നത് ജിഎന്‍എസ്എസ് അധിഷ്ഠിത സംവിധാനത്തിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്. ഐഎസ്ആര്‍ഒയുടെ സാങ്കേതിക പിന്തുണയോടെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഈ പദ്ധതി നടപ്പിലാക്കുന്നതിന് മേല്‍നോട്ടം വഹിക്കും. നിലവില്‍ എത്ര ദൂരം സഞ്ചരിച്ചാലും ടോള്‍ പ്ലാസയില്‍ ഒരേ നിരക്കാണ് വാഹനങ്ങള്‍ നല്‍കേണ്ടത്. പുതിയ സംവിധാനത്തില്‍ ഹ്രസ്വദൂര യാത്രക്കാര്‍ക്ക് ഇളവ് നല്‍കുന്നത് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമാവും.
ഹരിത സമ്പദ്വ്യവസ്ഥ
ടോള്‍ പരിഷ്‌കാരങ്ങള്‍ക്ക് പുറമേ, ഇന്ത്യയെ ഒരു ഹരിത സമ്പദ്വ്യവസ്ഥയാക്കാനുള്ള പദ്ധതികളും നിതിന്‍ ഗഡ്കരി വിശദീകരിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി 36 കോടിയിലധികം പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുകയെന്ന ലക്ഷ്യത്തോടെ ഹൈബ്രിഡ് വാഹനങ്ങളുടെ ജിഎസ്ടി 5% ആയും ഫ്‌ളെക്‌സി എഞ്ചിനുകളുടെ ജിഎസ്ടി 12% ആയും കുറയ്‌ക്കണമെന്ന് അദ്ദേഹം അടുത്തിടെ നിര്‍ദ്ദേശിച്ചു. ഈ നിര്‍ദ്ദേശങ്ങള്‍ നിലവില്‍ ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.















