തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) സ്വീകരിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. രണ്ട് കരാറുകളിലാണ് ഇന്ന് ഒപ്പുവച്ചത്.
കേന്ദ്രസർക്കാരും തുറമുഖ നിർമാതാക്കളായ അദാനി പോർട്ടും ബാങ്ക് കൺസോർഷ്യവും തമ്മിലാണ് ത്രികക്ഷി കരാറുണ്ടാക്കിയത്. 2035 ഓടെ, തുറമുഖത്തിൽ നിന്നും ലാഭവിഹിതം ലഭിച്ചു തുടങ്ങും. ലാഭവിഹിതത്തിന്റെ 20 ശതമാനം തിരിച്ചടയ്‌ക്കണമെന്ന
വ്യവസ്ഥയിലാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കരാറിൽ കേരളവും കേന്ദ്രവും ഒപ്പുവച്ചു.
നേരത്തെ തന്നെ വിജിഎഫ് അനുവദിക്കാമെന്ന് കേന്ദ്രം അറിയിച്ചെങ്കിലും സംസ്ഥാനം മുഖം തിരിഞ്ഞ് നിൽക്കുകയായിരുന്നു. മുഴുവൻ തുകയും ഗ്രാന്റായി നൽകണമെന്നായിരുന്നു കേരളത്തിന്റെ നിലപാട്. ഒടുവിൽ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമായത്.















