ജമ്മു: ജമ്മു കശ്മീർ നിയമസഭയിൽ ആം ആദ്മി പാർട്ടി എംഎൽഎ മെഹ്‌രാജ് മാലിക് ഹിന്ദുക്കളെക്കുറിച്ച് നടത്തിയ പരാമർശം വിവാദത്തിൽ. എംഎൽഎയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി എംഎൽഎ മാർ പ്രതിഷേധിച്ചതോടെ സഭ പ്രക്ഷുബ്ധമായി. നിരവധി എംഎൽഎമാരെ ഉദ്യോഗസ്ഥർ പുറത്താക്കി. ‘ഹിന്ദുക്കൾ തിലകക്കുറി തൊടുന്നു, എന്നാൽ എല്ലായ്പ്പോഴും പാപം ചെയ്യുന്നവരാ’ണെന്നായിരുന്നു ആംആദ്മി എംഎൽഎയുടെ പരാമർശം.
ബിജെപി എംഎൽഎ വിക്രം രൺധാവ മാലിക്കിന്റെ പരാമർശങ്ങളെ അപലപിച്ചു. “ഇന്ന് അദ്ദേഹം ഹിന്ദുക്കളെ അപമാനിച്ചു; അദ്ദേഹം ആഗ്രഹിക്കുന്നതെന്തും ചെയ്യുമോ? ഞങ്ങൾ ഇതിൽ പ്രതിഷേധിക്കും, ഹിന്ദുക്കൾ തിലകം ധരിച്ചുകൊണ്ട് പാപം ചെയ്യുന്നുവെന്ന് പറയുന്നു. ആളുകളിൽ നിന്ന് മോഷ്ടിക്കുകയും, മദ്യം കഴിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞ് അദ്ദേഹം ഹിന്ദുക്കളെ അപമാനിച്ചു, ഹിന്ദുക്കൾ എന്താണ് ചെയ്യുന്നതെന്ന് ഞങ്ങൾ പ്രവർത്തിച്ചു കാണിക്കും ,” അദ്ദേഹം പറഞ്ഞു.
നിയമസഭയിൽ ഇത് മൂന്നാം ദിവസമാണ് ബഹളം പൊട്ടിപ്പുറപ്പെട്ടത്. വഖഫ് ഭേദഗതി നിയമം ചർച്ച ചെയ്യാൻ ഒരു താൽക്കാലിക പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും നാഷണൽ കോൺഫറൻസ് എംഎൽഎമാരും ഒന്നും രണ്ടും ദിവസങ്ങളിൽ സഭയിൽ പ്രതിഷേധം നടത്തി. എന്നാൽ, നിയമം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നതിനാൽ വിഷയം ലിസ്റ്റ് ചെയ്യാൻ സ്പീക്കർ വിസമ്മതിച്ചു.















