ചണ്ഡീഗഡ്: ചണ്ഡീഗഡ് സെക്ടർ 10 ഗ്രനേഡ് ആക്രമണ കേസിൽ ബാബർ ഖൽസ ഇന്റർനാഷണൽ ഭീകരരിൽ മുഖ്യസൂത്രധാരനും ഗൂഢാലോചനയിലും നിർണായക പങ്കുവഹിച്ചതുമായ പഞ്ചാബ് സ്വദേശിയെ അറസ്റ്റ് ചെയ്ത് എൻഐഎ. ഖാലിസ്ഥാനി പിന്തുണയുള്ള തീവ്രവാദ സംഘടനയാണ് ബി.കെ.ഐ. പഞ്ചാബിലെ ഗുരുദാസ്പൂരിൽ നിന്നുമാണ് അഭിജോത് സിംഗിനെ കസ്റ്റഡിയിലെടുത്തത്. കേസ് അന്വേഷണത്തിനിടെ പുറത്തുവന്ന അജ്ഞാത വ്യക്തിയായിരുന്നു ഇതെന്ന് എൻഐഎ പറഞ്ഞു.
പാകിസ്താനിൽ നിന്നുള്ള ഭീകരൻ ഹർവീന്ദർ സിംഗ് സന്ധു എന്ന റിൻഡ, യുഎസ് ആസ്ഥാനമായുള്ള ഹർപ്രീത് സിംഗ് എന്ന ഹാപ്പി പാസിയ എന്നിവരും കേസിൽ കഴിഞ്ഞ മാസം എൻഐഎ കുറ്റപത്രം സമർപ്പിച്ച നാല് പ്രതികളിൽ ഉൾപ്പെടുന്നു. പൊലീസ് സ്റ്റേഷനിൽ മറ്റൊരു ഗ്രനേഡ് ആക്രമണത്തിന് ജയിലിലായ അഭിജോതിന്, ഹാപ്പിയുമായി നേരിട്ട് ബന്ധമുണ്ടായിരുന്നതായും ഗൂഢാലോചനയിൽ ഒരു പ്രധാന പങ്കു വഹിച്ചതായും കണ്ടെത്തി.
2024 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഹാപ്പിയുടെ നിർദ്ദേശപ്രകാരം അഭിജോത് നിരവധി തവണ ലക്ഷ്യസ്ഥാനം വിശദമായി നിരീക്ഷിച്ചിരുന്നുവെന്ന് എൻഐഎ അന്വേഷണങ്ങൾ വെളിപ്പെടുത്തി. കുറ്റകൃത്യം നടപ്പിലാക്കുന്നതിനായി വ്യാജ നമ്പർ പ്ലേറ്റുള്ള ഒരു മോട്ടോർ സൈക്കിളും അദ്ദേഹം ഏർപ്പാട് ചെയ്തിരുന്നു. വാഹനം മോഷ്ടിക്കപ്പെട്ടതാണെന്ന് എൻഐഎ പറഞ്ഞു. 2024 ആഗസ്റ്റിൽ അഭിജോത്തിനും, മുൻപ് അറസ്റ്റിലായ മറ്റൊരു പ്രതിയായ റോഹൻ മാസിഹിനും ഹാപ്പി പിസ്റ്റളുകൾ നൽകിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. കേസിൽ ഇതുവരെ ആറ് പ്രതികളെ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിട്ടുണ്ട്.