പട്ന : കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചിയുടെ പേരക്കുട്ടിയെ ഭർത്താവ് വെടിവച്ച് കൊലപ്പെടുത്തി. ബിഹാറിലെ ഗയയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. അത്രി സ്വദേശിയായ സുഷമ ദേവിയാണ് കൊലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭർത്താവ് രമേശ് കടന്നുകളഞ്ഞു. പൊലീസ് വീട്ടിലെത്തി പ്രാഥമിക അന്വേഷണം നടത്തി. ഒളിവിൽ പോയ പ്രതിക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവും ഗയ ലോക്സഭ സീറ്റിലെ എംപിയുമാണ് ജിതൻ റാം മോഞ്ചി.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സുഷമയും ഭർത്താവും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെയാണ് യുവാവ് മുറിയിൽ സൂക്ഷിച്ചിരുന്ന നാടൻ തോക്കുമായി എത്തി സുഷമയ്‌ക്ക് നേരെ വെടിയുതിർത്തത്. സംഭവ സമയത്ത് മക്കളും സുഷമയുടെ സഹോദരി പൂനവും വീട്ടിലുണ്ടായിരുന്നു. സഹോദരിക്ക് നേരെയും ഇയാൾ വെടിയുതിർത്തു. എന്നാൽ കുട്ടികളുമായി പൂനം പുറത്തേക്കിറങ്ങി ഓടുകയായിരുന്നു.
വെടിയേറ്റ സുഷ്മ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ട്രാക്ടർ ഡ്രൈവറാണ് സുഷമയുടെ ഭർത്താവ്. ഫോറൻസിക് വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചു. 14 വർഷം മുമ്പായിരുന്നു സുഷമയുടെയും അന്യജാതിക്കാരനായ രമേശിന്റെ വിവാഹം.















