മുംബൈ: മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ ഹുസൈൻ റാണയുമായി ഉച്ചയോടെ എൻഐഎ സംഘം ഇന്ത്യയിൽ എത്തും. റാണയെ പാർപ്പിക്കാൻ തീഹാർ ജയിലിൽ പ്രത്യേക സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അക്രമത്തിൽ നേരിട്ട പങ്കെടുത്ത അജ്മൽ കസബിനെ ജീവനോടെ പിടികൂടാനായതാണ് പാക് ബന്ധം തെളിയിക്കാൻ ഇന്ത്യയ്‌ക്ക് നിർണായകമായത്. റാണയെ കൂടി ഇന്ത്യയുടെ കയ്യിൽ കിട്ടുന്നതോടെ സ്ലീപ്പർ സെല്ലുകളുടെ അടക്കം വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിക്കും. മാത്രമല്ല ഭീകരർക്ക് രാജ്യത്തിനകത്ത് നിന്നും ലഭിച്ച സഹായം സംബന്ധിച്ച അന്വേഷണത്തിനും ഇത് വഴി തുറക്കും. ഒപ്പം കേരളാ ബന്ധവും പുറത്ത് വരും.
2008 നവംബർ 26നാണ് മുംബൈ ആക്രമണം നടക്കുന്നത്. ഇതിന് ദിവസങ്ങൾക്ക് മുമ്പ് റാണ കേരളത്തിലും എത്തിയിരുന്നു. നവംബർ 16-17 തീയതികളിലാണ് റാണ കൊച്ചിയിൽ എത്തിയത്. മറൈൻ ഡ്രൈവിലുള്ള താജ് റെസിഡൻസിയിൽ ഭാര്യയ്‌ക്കൊപ്പമാണ് റാണ താമസിച്ചത്. എന്നാൽ യാത്രയുടെ ഉദ്ദേശം ഇതുവരെ വ്യക്തമായിട്ടില്ല. റാണയെ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യത്തിലും വ്യക്തത വരുത്താൻ സാധിക്കും. മുംബൈയ്‌ക്ക് സമാനമായ ഭൂപ്രകൃതിയുള്ള പ്രദേശമാണ് കൊച്ചി. മുംബൈയിലേതിന് സമാനമായി കടൽമാർഗം കടന്നുകയറാൻ സാധിക്കും. കേരളത്തിൽ ആക്രമണത്തിന് പദ്ധതിയിട്ടോ എന്നും വ്യക്തമാകാനുണ്ട്. ഒപ്പം കേരളത്തിൽ നിന്നും തീവ്രവാദ റിക്രൂട്ടിംഗ് നടത്തിയിരുന്നോ എന്ന കാര്യത്തിലും കൂടുതൽ വ്യക്തത വരും.
എമിഗ്രേഷൻ കൺസൾട്ടന്റ് എന്ന മേൽവിലാസത്തിലാണ് റാണ കൊച്ചിയിൽ താമസിച്ചത്. അക്രമണത്തിന് പിന്നാലെ ഹോട്ടലിൽ എത്തിയ വിദേശികളുടെ വിവരം താജ് ഹോട്ടൽ അധികൃതർ പോലീസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റാണ കേരളത്തിൽ എത്തിയ വിവരം എൻഐഎ സ്ഥിരീകരിച്ചത്. ഭീകരാക്രമണം നടന്ന അതേ മാസം തന്നെ മുംബൈയിലെ താജ് ഹോട്ടലിലും ഇയാൾ ഭാര്യയോടൊപ്പം നാല് ദിവസം താമസിച്ചിരുന്നു. ഇതും നിരവധി സംശയങ്ങൾക്ക് വഴിവക്കുന്നുണ്ട്.
റാണ 2009 ലാണ് യുഎസിൽ പിടിയിലാകുന്നത്. പാക് സൈനിക ഡോക്ടർ ആയിരുന്ന റാണ പിന്നീട് കാനഡിയൻ പൗരത്വം നേടിയിരുന്നു. അവിടെ നിന്നും അമേരിക്കയിലെ ഷിക്കാഗോയിൽ എത്തി ഫസ്റ്റ് വേൾഡ് ഇമിഗ്രേഷൻ സെന്റർ എന്ന സ്ഥാപനം ഇയാൾ നടത്തിയിരുന്നു . ഈ സ്ഥാപനത്തിന് മുംബൈയിലെ ബ്രാഞ്ചുണ്ടായിരുന്നു. ഈ സ്ഥാപനമാണ് മുംബൈയിലെത്തിയ ഭീകരർക്ക് എല്ലാ സഹായങ്ങളും ചെയ്ത് നൽകിയതെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
റാണയെ കൂടാതെ ഡേവിഡ് ഹെഡ്‌ലി എന്ന ദാവൂദ് സെയ്ദ് ഗീലാനി, പാക് സൈനിക മേധാവിമാർ, ഭീകരസംഘനയുടെ തലവന്മാർ എന്നിവരടക്കം ഒൻപത് പേരെയാണ് എൻഐഎ പ്രതി ചേർത്തത്. അജ്മൽ കസബിനെ 2012 നവംബർ 21ന് തൂക്കിലേറ്റി. റാണയും ഹെഡ്‌ലിയും ഒഴികെയുള്ള പ്രധാന സൂത്രധാരൻമാരെല്ലാം പാകിസ്താനിലാണ്. അതിനാൽ തന്നെ റാണയെ വിട്ടുകിട്ടുന്നത് ഇന്ത്യക്ക് നിർണായകമാകും.