കോഴിക്കോട് : അതി തീവ്രവാദികളായ മുസ്‌ളീം ഭീകരരുടെ ചിത്രങ്ങൾ പതിച്ച ബാനറുമേന്തി ജമാ അത്തെ ഇസ്ലാമിയുടെ പ്രതിഷേധ ജാഥകൾ. വഖ്ഫ് നിയമ ഭേദഗതിക്കെതിരെ എന്ന പേരിൽ കഴിഞ്ഞ ദിവസം ജമാ അത്തെ ഇസ്ലാമിയുടെ പ്രോക്സി സംഘടനയായ സോളിഡാരിറ്റി നടത്തിയ ജാഥകളിലാണ് മുസ്ളീം ഭീകരർക്ക് വീരോചിതമായ സ്ഥാനം ലഭിച്ചത്.
ഇന്നലെ മലപ്പുറം കരിപ്പൂർ വിമാനത്താവളത്തിന് സമീപം റോഡ് ഉപരോധിച്ചു കൊണ്ടുള്ള സമരത്തിലാണ് ഈജിപ്തിലെ ഭീകര സംഘടന മുസ്ലീം ബ്രദർഹുഡ് സ്ഥാപകൻ ഇമാം ഹസനുൽ ബന്നയുടെയുടെയും സയ്യിദ് ഇബ്രാഹിം ഹുസൈൻ ഷാദിലി ഖുതുബ് എന്ന സയ്യിദ് ഖുതുബിന്റെയും ചിത്രങ്ങൾ പതിച്ച ബോർഡുകൾ പ്രദർശിപ്പിച്ചത്.
ഇസ്ലാമിക മത സാഹിത്യം കേന്ദ്രീകരിച്ചുള്ള ഭീകര പ്രത്യയശാസ്ത്രം അവതരിപ്പിച്ചുകൊണ്ടുള്ള ഹസനുൽ-ബന്നയുടെ രചനകളാണ് ഇന്ന് കാണുന്ന ഇസ്ലാമിക ഭീകരതയുടെ ബൗദ്ധിക ആണിക്കല്ല്. പിന്നീട് ഇയാളെ ഈജിപ്തിൽ വെച്ച് അജ്ഞാതർ കൊലപ്പെടുത്തുകയായിരുന്നു.
ലോകമെങ്ങുമുളള ഇസ്ലാമിക തീവ്രവാദം ആളിക്കത്തിക്കുന്നതിൽ ഇന്ധനമായത് സയ്യിദ് ഖുതുബിന്റെ രചനകളാണ്. ഈജിപ്ഷ്യൻ പ്രസിഡന്റ് ഗമാൽ അബ്ദുൽ നാസറിനെ വധിച്ച കുറ്റത്തിന് ഈജിപ്തിൽ ഇയാളെ തൂക്കിലേറ്റുകയായിരുന്നു. ഇയാളുടെ ഇളയ സഹോദരൻ മുഹമ്മദ് ഖുതുബ് പിന്നീട് ഒസാമ ബിൻ ലാദന്റെ ഉപദേഷ്ടാവായി മാറി. ഇപ്പോൾ ഖുതുബിസം എന്നറിയപ്പെടുന്ന സയ്യിദ് ഖുതുബിന്റെ വീക്ഷണങ്ങളാണ് ഒസാമ ബിൻ ലാദൻ, റുഹുള്ള ഖൊമേനി തുടങ്ങിയ തീവ്രവാദികളുടെ വിശ്വാസങ്ങളെ സ്വാധീനിച്ചത്. ഇത് കൂടാതെ ഇസ്ലാമിക മത സാഹിത്യത്തിന് സയ്യിദ് ഖുതുബ് നൽകിയ വ്യാഖ്യാനങ്ങളാണ് ഐസിസ്, അൽ-ഖ്വയ്ദ , താലിബാൻ, ബോക്കോ ഹറാം, അൽ-ഷബാബ്, അബു സയ്യാഫ് തുടങ്ങിയ ഗ്രൂപ്പുകളെയും അവരുടെ അനുബന്ധ സംഘടനകളെയും പോഷിപ്പിക്കുന്നത്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ എല്ലാ ജമാ അത്തെ ഇസ്ലാമി ഘടകങ്ങളും ഒളിഞ്ഞും തെളിഞ്ഞു സയ്യിദ് ഖുതുബിന്റെയും ഹസനുൽ-ബന്നയുടെയും ആശയങ്ങൾ പ്രചരിപ്പിക്കുന്നവരാണ്. എന്നാൽ പൊതു മണ്ഡലത്തിൽ ഈ അതി തീവ്രവാദികളെ അവതരിപ്പിക്കുന്നതിൽ നിന്നും ജമാ അത്തെ ഇസ്ലാമി എന്നും വിട്ടു നിന്നിരുന്നു. വഖ്ഫ് ഭേദഗതി ബില്ലിനെതിരെ എന്നപേരിലുളള പ്രതിഷേധത്തിന്റെ മറവിൽ ജമാ അത്ത് ഇസ്‌ലാമി അവരുടെ മൂടുപടം മാറ്റുകയാണ് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
ഭീകരവാദ സംഘടനയായ ഹമാസ് സ്ഥാപകൻ അഹമ്മദ് യാസിന്റെയും ഹമാസ് ഭീകരവാദി യഹിയ സിൻവാറിൻ്റേയും ചിത്രങ്ങളുള്ള പ്ലക്കാർഡുകൾ സമരത്തിൽ ഉണ്ടായിരുന്നു. സോളിഡാരിറ്റിയും ഐ എസ് ഒയും സംയുക്മതായി വഖ്ഫ് ഭേദഗതി ബില്ലിനെതിരെ നടത്തിയ പ്രതിഷേധം അതീവ സുരക്ഷാ മേഖലയായ വിമാനത്താവളത്തിന് സമീപത്തായിരുന്നു നടന്നത്.















