ന്യൂഡൽഹി: ഇന്ത്യയെ ആക്രമിച്ചവർക്ക് ഇന്ത്യൻ നിയമപ്രകാരം അർഹിക്കുന്ന ശിക്ഷ വാങ്ങി നൽകുകയെന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദർശമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ റാണയെ അമേരിക്ക കൈമാറിയതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“കോൺഗ്രസ് സർക്കാർ രാജ്യം ഭരിച്ചിരുന്നപ്പോൾ ഇന്നുനമ്മൾ നിൽക്കുന്ന ഈ ഹോട്ടലിലാണ് ഭീകരാക്രമണമുണ്ടായത്. ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു. എന്നിട്ടും കോൺഗ്രസ് സർക്കാർ ഒന്നും ചെയ്തില്ല. അജ്മൽ കസബിനെ ബിരിയാണി തീറ്റിക്കുകയാണ് അവർ ചെയ്തത്. രാഷ്‌ട്രത്തെ ദ്രോഹിച്ചവർക്ക് അർഹിക്കുന്ന ശിക്ഷ നൽകണമെന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാട്. ഈ രാജ്യം മുഴുവനും, പ്രത്യേകിച്ച് മുംബൈ നിവാസികൾക്ക് ഇപ്പോൾ അഭിമാന നിമിഷമാണ്. ഇന്ത്യയെ നോവിച്ചവർ ഇന്ത്യൻ നിമയപ്രകാരം വിചാരണ നേരിട്ട് ശിക്ഷിക്കപ്പെടാൻ പോവുകയാണ്..” – പീയൂഷ് ഗോയൽ പറഞ്ഞു.
മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ അമേരിക്ക കൈമാറിയത് ഇന്നലെയായിരുന്നു. പ്രത്യേക വിമാനത്തിൽ NIAയുടെ പ്രത്യേക സംഘത്തിനൊപ്പമാണ് റാണ ഇന്ത്യയിലെത്തുക. പാലം എയർപോർട്ടിൽ വന്നിറങ്ങുന്ന റാണയെ ആദ്യം NIAയുടെ ദേശീയ ആസ്ഥാനത്തേക്ക് കൊണ്ടുപോകും. പാകിസ്താൻ വംശജനും കനേഡിയൻ പൗരനമായ റാണയെ ഇന്ത്യയിലെത്തിക്കുന്നതിനും നിയമനടപടികൾക്ക് വിധേയമാക്കുന്നതിനും അതീവ സുരക്ഷയാണ് കേന്ദ്രസർക്കാർ ഒരുക്കിയിരിക്കുന്നത്.
ഡൽഹി പൊലീസിന്റെ പ്രത്യേക സെല്ലും സ്വാറ്റ് കമാൻഡോകളും (Special Weapons and Tactics) സർവസന്നാഹങ്ങളുമായി സജ്ജമാണ്. പാലം എയർപോർട്ടിൽ നിന്ന് ബുള്ളറ്റ് പ്രൂഫ് കാറിലായിരിക്കും റാണയെ NIA ഓഫീസിൽ എത്തിക്കുക. സായുധസേനയുടെ വാഹനവ്യൂഹം അകമ്പടി നൽകും.
ഇന്ത്യയിലെത്തിയാൽ തഹാവൂർ റാണ ആക്രമിക്കപ്പെടുമെന്ന വാദം നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രതയിലാണ് സുരക്ഷാ ഏജൻസികൾ. താനൊരു പാകിസ്താനി മുസ്ലീമായതിനാൽ ഇന്ത്യ ഉപദ്രവിക്കുമെന്നാണ് റാണയുടെ വാദം.