പത്തനംതിട്ട: ആംബുലൻസിൽ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതി നൗഫൽ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. കൊവിഡ് കാലത്ത് കൊറോണ വൈറസ് ബാധിച്ച് അവശനിലയിലായ യുവതിയെ ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെ ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിലാണ് നിർണായക വിധി. കായംകുളം സ്വദേശി നൗഫൽ കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞതായി കോടതി വ്യക്തമാക്കി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ. ശിക്ഷാവിധി നാളെയുണ്ടാകും.
2020 സെപ്റ്റംബർ അഞ്ചിന് ആറന്മുളയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രോഗബാധിതയായ യുവതിയെ കൊവിഡ് സെന്ററിൽ നിന്ന് അടൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെയാണ് പീഡനം നടന്നത്. സംഭവത്തിന്റെ തെളിവുകൾ പെൺകുട്ടി തന്റെ ഫോണിൽ ശേഖരിച്ചിരുന്നത് കേസിൽ നിർണായകമായി. പീഡനത്തിന് ഇരയാക്കിയ ശേഷം ആംബുലൻസിൽ വച്ച് പ്രതി യുവതിയോട് മാപ്പുചോദിക്കുന്നതിന്റെ ശബ്ദരേഖ കോടതിയിൽ സമർപ്പിച്ചിരുന്നു.















