തിരുവനന്തപുരം : ഹെൽമറ്റ് ഉപയോഗിച്ച് ഭാര്യയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. ഏഴ് മണിയായിട്ടും വീട്ടിൽ കയറാത്തതിന്റെ ദേഷ്യത്തിലാണ് ഭർത്താവ് നൗഷാദ് ഹെൽമറ്റ് ഉപയോഗിച്ച് ആക്രമിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യുവതിയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
തടയാനെത്തിയ ബന്ധുവിനെയും പ്രദേശവാസിയെയും നൗഷാദ് ആക്രമിച്ചു. രണ്ട് പേരെ പ്രതി വെട്ടിപരിക്കേൽപ്പിച്ചെന്നാണ് വിവരം. ഞായറാഴ്ച രാത്രിയാണ് സംഭവം. നൗഷാദിന്റെ ഭാര്യാവീടിന് സമീപത്ത് വച്ചാണ് ആക്രമണം നടക്കുന്നത്. നൗഷാദിന്റെ ആക്രമണത്തിൽ പരിക്കേറ്റ യുവതിയും ബന്ധുവും ആശുപത്രിയിൽ ചികിത്സയിലാണ്.
നൗഷാദ് ഭാര്യയുമായി അകന്നാണ് താമസിക്കുന്നത്. രാത്രി ഏഴ് മണിയായിട്ടും വീട്ടിൽ എത്തിയില്ലെന്ന് അറിഞ്ഞാണ് യുവാവ് എത്തിയത്. തുടർന്ന് നേരത്തെ വീട്ടിൽ കയറാത്തതിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പ്രകോപിതനായ നൗഷാദ് ഹെൽമറ്റ് ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ഹെൽമറ്റ് തകരുന്നത് വരെ ആക്രമണം തുടർന്നു.















