ശ്രീകാന്ത് മണിമല
ന്യൂഡെല്‍ഹി: പകരത്തിന് പകരം താരിഫുകള്‍ മൂന്ന് മാസത്തേക്ക് മരവിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ആഗോള തലത്തില്‍ ഓഹരി വിപണികളുടെ വന്‍ കുതിപ്പ്. യുഎസ് വിപണികളാണ് ആദ്യം പ്രതികരിച്ചത്. എസ് ആന്‍ഡ് പി 500 സൂചിക 9.5% കുതിച്ചുകയറി. 2008 ന് ശേഷമുള്ള റെക്കോഡ് കുതിപ്പാണിത്. ഡൗ ജോണ്‍സിലുണ്ടായത് 3000 പോയന്റിന്റെ വന്‍ വര്‍ധനയാണ്. നാസ്ഡാക് കുതിച്ചത് 12.16 ശതമാനവും.
വ്യാഴാഴ്ച രാവിലെ ഏഷ്യന്‍ വിപണികളിലേക്കും ഈ ഊര്‍ജം പ്രവഹിച്ചു. വ്യാപാര തുടക്കത്തില്‍ തായ്വാന്‍ ഓഹരി വിപണി 9.2% ഉയര്‍ന്നു. ജപ്പാന്‍ വിപണി സൂചികയായ നിക്കി 225, 7.2% മുന്നേറി. ദക്ഷിണ കൊറിയന്‍ വിപണിയായ കോസ്പി 5% ല്‍ കൂടുതല്‍ ഉയര്‍ന്നു. ഓസ്ട്രേലിയയില്‍, എഎസ്എക്‌സ് 200, 6% ല്‍ കൂടുതല്‍ ഉയര്‍ന്നു. ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് സൂചിക 2.69% ആണ് മുന്നേറിയത്. ചൈനക്ക് മേല്‍ ഉയര്‍ന്ന നികുതി പ്രഖ്യാപിച്ച ട്രംപിന്റെ നടപടി ഷാംഗ്ഹായ് കോമ്പസിറ്റ് സൂചികയെ തളര്‍ത്തിയില്ലെന്നത് ശ്രദ്ധേയമായി. ഷാംഗ്ഹായ് സൂചിക 1.29% ഉയര്‍ന്നു. യുഎസ് പ്രസിഡന്റിന്റെ വ്യാപാര യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയ്‌ക്ക് ഭയപ്പെട്ടതുപോലെ ദോഷകരമാകില്ല എന്ന ആശ്വാസമാണ് ഏഷ്യയിലുടനീളമുള്ള വിപണികളില്‍ പ്രതിഫലിക്കുന്നത്.
യൂറോപ്യന്‍ വിപണികള്‍ വ്യാഴാഴ്ചത്തെ സെഷന്റെ തുടക്കത്തില്‍ തന്നെ കുതിച്ചു. ലണ്ടന്‍ ഓഹരി വിപണിയിലെ എഫ്ടിഎസ്ഇ 100 സൂചിക 6.2% ഉയര്‍ന്ന് 8166 പോയിന്റിലെത്തി. ജര്‍മ്മനിയുടെ ഡാക്‌സ് സൂചിക 7.8% ഉയര്‍ന്നപ്പോള്‍ ഫ്രാന്‍സിന്റെ സിഎസി 40 6.4% ഉയര്‍ന്നു. സ്‌പെയിനിന്റെ ഐബെക്‌സ് 35 ല്‍ 7.2% മുന്നേറ്റമാണ് ഉണ്ടായത്.
ഇന്ത്യന്‍ ഓഹരി വിപണി
വ്യാഴാഴ്ച മഹാവീര്‍ ജയന്തി പ്രമാണിച്ച് ഇന്ത്യന്‍ ഓഹരി വിപണി അവധിയായതിനാല്‍ ട്രംപിന്റെ പ്രഖ്യാപനത്തിന്റെ ഗുണഫലം അനുഭവിക്കാന്‍ നിക്ഷേപകര്‍ കാത്തിരിക്കണം. വെള്ളിയാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ വിപണിയിലും ആനുപാതികമായ കുതിപ്പിന് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന എന്‍എസ്ഇ ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചിലെ ഗിഫ്റ്റ് നിഫ്റ്റി ഫ്യൂച്ചേഴ്‌സ് 3.6% (810 പോയന്റ്) വ്യാഴാഴ്ച മുേേന്നറിയിട്ടുണ്ട്. നിഫ്റ്റി 50 ഓഹരികളുടെ ഫ്യൂച്ചര്‍ കോണ്‍ട്രാക്റ്റാണ് ഗിഫ്റ്റ് നിഫ്റ്റി സൂചിക. നിഫ്റ്റിയുടെ വരും ദിവസത്തെ പ്രകടനത്തെക്കുറിച്ച് ഇത് ചില സൂചനകള്‍ നല്‍കുന്നുണ്ട്.