വിഷ്ണു മഞ്ചു പ്രധാന വേഷത്തിലെത്തുന്ന ചിത്രമായ കണ്ണപ്പയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. വിഷ്ണു മഞ്ചു, പ്രഭു ദേവ, നിർമാതാക്കളായ മോഹൻകുമാർ, വിനയ് എന്നിവർ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ചു. മുഖ്യമന്ത്രിയെ കണ്ടശേഷമാണ് കണ്ണപ്പയുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ലക്നൗവിലെ ഓഫീസിലെത്തിയാണ് കണ്ണപ്പ ടീം മുഖ്യമന്ത്രിയെ കണ്ടത്. സന്ദർശനത്തിന്റെ ചിത്രങ്ങൾ അണിയറപ്രവർത്തകർ സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന്റെ വിജയത്തിന് എല്ലാവിധ ആശംസകളും മുഖ്യമന്ത്രി നേർന്നു.
ജൂൺ 27-നാണ് കണ്ണപ്പ തിയേറ്ററുകളിലേക്ക് എത്തുന്നത്. ഏപ്രിൽ 25-നാണ് റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ എഡിറ്റിംഗ്, ഗ്രാഫിക്സ് തുടങ്ങിയ വർക്കുകളിൽ മാറ്റം വരുത്തിയതോടെ റിലീസ് മാറ്റിവയ്‌ക്കുകയായിരുന്നു. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് വിഷ്ണു മഞ്ചു തന്നെ സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്നു.
മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത ചിത്രത്തിന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ്, കാജൽ അഗർവാൾ തുടങ്ങിയ വൻ താരനിരകളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.