ന്യൂഡൽഹി: പീഡനക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി. പീഡനപരാതി നൽകിയ യുവതിയെ കോടതി കുറ്റപ്പെടുത്തി. പരാതിക്കാരി പ്രശ്നങ്ങൾ സ്വയമേ വിളിച്ചുവരുത്തിയതാണെന്നും ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കണമെന്നും ജസ്റ്റിസ് സഞ്ജയ് കുമാർ സിംഗ് നിർദേശിച്ചു. ബലാത്സംഗക്കേസിൽ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിവാദ വിധിപ്രസ്താവന സുപ്രീം കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് വിവാദങ്ങൾക്ക് വഴിവയ്‌ക്കുന്ന മറ്റൊരു പ്രസ്താവനയും ഉണ്ടായിരിക്കുന്നത്.
പിജി വിദ്യാർത്ഥിനിയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു എന്നതാണ് കേസ്. എന്നാൽ പെൺകുട്ടിയുടെ സമ്മതപ്രകാരമാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതെന്ന് യുവാവ് കോടതിയിൽ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ മെഡിക്കൽ റിപ്പോർട്ടിലും പീഡനം നടന്നതായി തെളിഞ്ഞിരുന്നില്ല. ഇതോടെയാണ് വാദി പ്രതിയായത്. യുവതിയുടെ ആരോപണം സത്യമാണെങ്കിലും പ്രശ്നം ക്ഷണിച്ചുവരുത്തിയത് യുവതി തന്നെയാണെന്ന് ജസ്റ്റിസ് സഞ്ജയ് കുമാർ സിംഗ് പറഞ്ഞു.
2024 സെപ്റ്റംബറിലാണ് യുവതി ആൺസുഹൃത്തിനെതിരെ പരാതി നൽകിയത്. നിരന്തരമുള്ള ആവശ്യപ്രകാരമാണ് യുവതി പ്രതിയുടെ വീട്ടിലേക്ക് പോകാൻ സമ്മതിച്ചത്. എന്നാൽ വീട്ടിലേക്ക് പോകുന്നതിന് പകരം തന്നെ ബന്ധുവിന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് യുവതി പരാതിയിൽ ആരോപിച്ചു.
ഡിസംബറിൽ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ യുവതി സ്വമേധയാ തന്നോടൊപ്പം വന്നതാണെന്നും ഉഭയസമ്മതത്തോടെയാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതെന്നും യുവാവ് വാദിക്കുകയായിരുന്നു.















