എറണാകുളം: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താലിലെ നാശനഷ്ടത്തിന് ഹർത്താൽ നടത്തിയ പിഎഫ്‌ഐ നേതാക്കളുടെ കണ്ട് കെട്ടിയ സ്വത്ത് വകകള്‍ വിറ്റ് നഷ്ടപരിഹാരം ഈടാക്കണമെന്ന് കോടതി.
ക്ലെയിം കമ്മീഷണര്‍ കണക്കാക്കിയ തുകയ്‌ക്ക് ആനുപാതികമായി സ്വത്ത് വില്‍പ്പന നടത്തണം. ആറാഴ്‌ച്ചയ്‌ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നൽകി.
ക്ലെയിംസ് കമ്മീഷണർ കണക്കാക്കിയ 3.94 കോടിയ്‌ക്കനുസൃതമായ സ്വത്തുക്കളാണ് വിൽപ്പന നടത്തേണ്ടത്. കണ്ടുകെട്ടിയവയിൽ പിഎഫ്ഐയുടെ സ്വത്തുവകകൾ, ദേശീയ-സംസ്ഥാന – ജില്ലാ – പ്രാദേശിക നേതാക്കളുടെ സ്വത്തുവകകൾ എന്നിങ്ങനെ തരം തിരിക്കണം. പോപ്പുലർ ഫ്രണ്ടിന്റേതായ സ്വത്തുക്കൾ ആദ്യവും, പിന്നീട് നേതാക്കളുടെ സ്വത്തുക്കൾ എന്നിവയും വിറ്റ് നഷ്ടപരിഹാരം ഈടാക്കണം.
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എൻഐഎ നടത്തിയ റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ച് 2023 സെപ്‌തംബർ 23നാണ് സംസ്ഥാനത്ത് മിന്നൽ ഹർത്താൽ നടത്തിയത്. ഹർത്താലിന്റെ മറവിൽ 59 കെഎസ്ആർടിസി ബസുകൾ തകർത്തു. നിരവധി പേർക്ക് പരിക്കേറ്റിരുന്നു.















