മലപ്പുറം: ഫോണിലൂടെ മുത്തലാഖ് ചൊല്ലിയെന്ന് പരാതി. കൊണ്ടോട്ടി സ്വദേശിയായ വീരാൻകുട്ടിയാണ് തലാഖ് ചൊല്ലിയത്. ഒന്നരവർഷം മുൻപ് വിവാഹം ചെയ്ത യുവതിയെ ഫോണിലൂടെ തലാഖ് ചൊല്ലുകയായിരുന്നു. യുവതിയുടെ 30 പവൻ സ്വർണാഭരണങ്ങൾ തിരികെ നൽകിയില്ലെന്നും പെൺകുട്ടിയുടെ കുടുംബത്തിന് പരാതിയുണ്ട്.
മലപ്പുറം ഊരകം സ്വദേശിയാണ് പെൺകുട്ടി. യുവതിയുടെ പിതാവിനെ ഫോണിൽ വിളിച്ച് തർക്കിച്ചതിന് ശേഷം വീരാൻകുട്ടി തലാഖ് ചൊല്ലുകയായിരുന്നു. ഇതിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. 11 മാസം പ്രായമുള്ള കുഞ്ഞ് ഇവർക്കുണ്ടെങ്കിലും ഭാര്യയുമായുള്ള എല്ലാവിധ സമ്പർക്കങ്ങളും വീരാൻകുട്ടി അവസാനിപ്പിച്ചിരുന്നു. കുഞ്ഞിനെയോ ഭാര്യയേയോ വന്ന് കണ്ടിട്ടില്ല.
വിവാഹശേഷം ഒരിക്കൽ യുവതി ബോധരഹിതയാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു വീരാൻകുട്ടി ഭാര്യയിൽ നിന്ന് അകന്നത്. തന്നെ കബളിപ്പിച്ചതാണെന്നും രോഗിയായ മകളെയാണ് വിവാഹം കഴിപ്പിച്ചതെന്നും യുവതിയുടെ പിതാവിനോട് വീരാൻകുട്ടി തർക്കിക്കുകയും ചെയ്തു. മകളുടെ സ്വർണാഭരണം തിരികെ ചോദിച്ചപ്പോൾ വീരാൻകുട്ടി അത് നൽകാൻ തയ്യാറായില്ലെന്നും ഇതുസംബന്ധിച്ച പരാതി വനിതാ കമ്മീഷനും പൊലീസിനും നൽകാനാണ് തീരുമാനമെന്നും കുടുംബം അറിയിച്ചു.















