കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. 1,08,000 രൂപ പിഴയും അടയ്‌ക്കണം. കായംകുളം സ്വദേശി നൗഫൽ കുറ്റം ചെയ്തതായി തെളിഞ്ഞുവെന്ന് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. അതിജീവിത സമർപ്പിച്ച തെളിവുകളാണ് കേസിൽ നിർണായകമായത്. ഏറെ സങ്കീർണമായ അന്വേഷണമായിരുന്നുവെന്ന് അഡീഷണൽ എസ്പി ആർ ബിനു പ്രതികരിച്ചു. കൊവിഡ് കാലമായിരുന്നതിനാൽ സാക്ഷികളുടെ മൊഴിയെടുക്കുന്നതിനും മറ്റും പല പ്രതിബന്ധങ്ങളും നേരിട്ടിരുന്നതായി പൊലീസ് വ്യക്തമാക്കി.
മഹാമാരിക്കാലത്ത് കൊറോണ വൈറസ് ബാധിച്ച് അവശനിലയിലായ യുവതിയെ ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെ ഡ്രൈവർ പീഡിപ്പിച്ചെന്നാണ് കേസ്. 2020 സെപ്റ്റംബർ അഞ്ചിന് ആറന്മുളയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രോഗബാധിതയായ യുവതിയെ കൊവിഡ് സെന്ററിൽ നിന്ന് അടൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെയാണ് പീഡനം നടന്നത്. സംഭവത്തിന്റെ തെളിവുകൾ പെൺകുട്ടി തന്റെ ഫോണിൽ ശേഖരിച്ചിരുന്നത് കേസിൽ നിർണായകമായി. പീഡനത്തിന് ഇരയാക്കിയ ശേഷം ആംബുലൻസിൽ വച്ച് പ്രതി യുവതിയോട് മാപ്പുചോദിക്കുന്നതിന്റെ ശബ്ദരേഖ കോടതിയിൽ സമർപ്പിച്ചിരുന്നു.















