തിരുവനന്തപുരം : ആഫ്രിക്കയിലെ റീയൂണിയൻ ദ്വീപുകളിൽ ചിക്കൻഗുനിയ വ്യാപിക്കുന്ന സാഹചര്യത്തിൽ കേരളത്തിന് ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. 2006-ൽ റീയൂണിയൻ ദ്വീപുകളിലുണ്ടായ ചിക്കൻഗുനിക കേരളത്തിൽ ഉൾപ്പെടെ രാജ്യത്ത് വ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുൻകരുതലെന്നോണം ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം നൽകിയിരിക്കുന്നത്.
സംസ്ഥാനത്തെ പ്രതിരോധം ശക്തമാക്കാൻ ജില്ലകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും വ്യക്തിശുചിത്വം പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണയോഗം ചേർന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങളും മഴക്കാലപൂർവ ശുചീകരണം നടത്തണമെന്ന് മന്ത്രി നിർദേശിച്ചു. കഠിനമായ പനി, സന്ധിവേദന, ക്ഷീണം, തലവേദന, ചർമത്തിൽ തടിപ്പ് എന്നിവയുണ്ടായാൽ ഉടൻ ചികിത്സ തേടണമെന്നും കർശന നിർദേശമുണ്ട്. വ്യക്തിശുചിത്വമാണ് പ്രധാനം.
റീയൂണിയൻ ദ്വീപുകളിൽ 15,000-ത്തോളം ആളുകൾക്ക് ചിക്കൻഗുനിയ സ്ഥിരീകരിച്ചു. നവജാതശിശുക്കൾ ഉൾപ്പെടെ രോഗം ബാധിച്ച് ചികിത്സയിലാണ്. ഈ സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന വിദഗ്ധരുടെ യോഗം വിളിച്ചുചേർത്തിരുന്നു. തുടർന്നാണ് ആരോഗ്യമന്ത്രി നിർദേശം നൽകിയത്.















