ന്യൂഡൽഹി: പാവപ്പെട്ട മനുഷ്യരെ കൊന്നൊടുക്കിയ, മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതിയും കൊടുംകുറ്റവാളിയുമായ തഹാവൂർ റാണയെ പാർപ്പിക്കാൻ സുരക്ഷ ശക്തമാക്കി എൻഐഎ. ഡൽഹിയിലെ എൻഐഎ ആസ്ഥാനത്ത് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സിജിഒ കോംപ്ലക്സിലെ എൻഐഎ കെട്ടിടത്തിന്റെ താഴെത്തെ നിലയിലെ സെല്ലിലാണ് റാണയെ പാർപ്പിക്കുന്നത്. 14 അടി നീളവും വീതിയുമുള്ള എൻഐഎയുടെ പ്രത്യേക സെല്ലാണിത്.
24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി സിസിടിവി കാമറകളും സെല്ലിൽ സ്ഥാപിച്ചിട്ടുണ്ട്. സെല്ലിന് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചു. ഡൽഹി പൊലീസിനെയും അർദ്ധസൈനിക വിഭാഗത്തെയും എൻഐഎ ആസ്ഥാനത്ത് നിയോഗിച്ചിട്ടുണ്ട്.
സെല്ലിനുള്ളിൽ മൾട്ടി-ലെയേർഡ് ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്. 12 എൻഐഎ ഉദ്യോഗസ്ഥർക്ക് മാത്രമേ സെല്ലിനകത്തേക്ക് പ്രവേശിക്കാൻ അനുവാദമുള്ളൂ. ഒരു കിടക്കയും ശുചിമുറിയും സെല്ലിനുള്ളിലുണ്ട്. ഭക്ഷണം, കുടിവെള്ളം, മെഡിക്കൽ സൗകര്യങ്ങൾ തുടങ്ങിയ എല്ലാ അടിസ്ഥാനആവശ്യങ്ങളും അകത്ത് എത്തിച്ചുനൽകും.
കഴിഞ്ഞ ദിവസം പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ റാണയെ 18 ദിവസത്തേക്കാണ് എൻഐഎയുടെ കസ്റ്റഡിയിൽവിട്ടത്. റാണയെ കോടതിയിൽ എത്തിച്ച സമയം മാദ്ധ്യമപ്രവർത്തകരെ പോലും കോടതി പരിസരത്ത് നിന്ന് പുറത്താക്കിയിരുന്നു. കേന്ദ്ര ഏജൻസികളെ കൂടാതെ രഹസ്യാന്വേഷണ വിഭാഗവും റാണയെ ചോദ്യം ചെയ്യും.















