ന്യൂഡൽഹി: തമിഴ്നാട്ടിൽ എഐഎഡിഎംകെ വീണ്ടും എൻഡിഎയിൽ ചേർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി ഉൾപ്പെടെയുള്ള നേതാക്കൾ അമിത് ഷായെ സന്ദർശിച്ചു. ഡൽഹിയിലെ അമിത് ഷായുടെ വസതിയിലെത്തിയാണ് AIADMK നേതാക്കൾ അദ്ദേഹത്തെ കണ്ടത്.
ഒരു ഉപാധികളും മുന്നോട്ടുവയ്‌ക്കാതെയാണ് AIADMK എൻഡിഎയിലേക്ക് വന്നതെന്നും 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് ജനവിധി തേടുമെന്നും അമിത് ഷാ പറഞ്ഞു. പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും.1998 മുതൽ എഐഎഡിഎംകെ എൻഡിഎയുടെ ഭാഗമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുൻ മുഖ്യമന്ത്രി ജെ ജയലളിതയും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഞങ്ങളുടെ സഖ്യം കൂടുതൽ ശക്തമാണ്. എൻഡിഎ വലിയ വിജയം നേടും. തമിഴ്‌നാട്ടിൽ എൻഡിഎ സർക്കാർ രൂപീകരിക്കുമെന്നും തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും അമിത് ഷാ പറഞ്ഞു.
പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട എഐഎഡിഎംകെ നേതാക്കളായ ഒ പനീർസെൽവത്തെയും ടിടിവി ദിനകരനെയും സഖ്യത്തിൽ ഉൾപ്പെടുത്തുമോ എന്ന ചോദ്യത്തിന് പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ താൻ ഇടപെടില്ലെന്നാണ് മറുപടി നൽകിയത്. പളനിസ്വാമിയോടൊപ്പം, മുതിർന്ന നേതാക്കളായ കെപി മുനുസാമി, എസ്പി വേലുമണി എന്നിവരും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.















