തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനും ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ. എം എബ്രഹാമിന് തിരിച്ചടിയായത് കോടതിയിൽ ഉയർത്തിയ ബാലിശമായ വിശദീകരണങ്ങൾ. കഴിഞ്ഞ ദിവസമാണ് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എബ്രഹാമിനെത്രെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.
തനിക്ക് വരവിൽ കവിഞ്ഞ സ്വത്തില്ലെന്നായിരുന്നു എബ്രഹാമിന്റെ വാദം. എന്നാൽ ഹർജിക്കാരനായ ജോമോൻ പുത്തൻപുരയ്‌ക്കൽ നൽകിയ ഹർജിയിൽ ഇയാളുടെ സ്വത്തിന്റെ മുഴുവൻ വിശദാംശങ്ങളും ഉണ്ടായിരുന്നു. എബ്രഹാമിന് മുംബൈ നഗരത്തിൽ മൂന്ന് കോടിയുടെ ഫ്ലാറ്റ്, തിരുവനന്തപുരം വഴുതക്കാട് ഒരു കോടിയുടെ ഫ്ലാറ്റ്, കൊല്ലത്ത് എട്ടു കോടിയുടെ കെട്ടിടം സമൂച്ചയം എന്നിവയുണ്ടെന്ന് ഹർജിക്കാരൻ കോടതിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഇത് തന്റെ സഹോദരന്റെ പേരിലാണ് എന്നായിരുന്നു എബ്രഹാമിന്റെ വാദം. എന്നാൽ ഇതിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് എബ്രഹാമിന്റെ പേരിലാണെന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടു.
കിട്ടുന്ന ശമ്പളത്തേക്കാൾ കൂടുതൽ തുക എബ്രഹാം വായ്പയായി തിരിച്ചടച്ചിരുന്നു എന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കോളജ് അദ്ധ്യാപകരായ മാതാപിതാക്കളുടെ പെൻഷൻ തുകയാണ് ഇതിന് ഉപയോഗിച്ചതെന്നായിരുന്നു എബ്രഹാമിന്റെ വാദം. എന്നാൽ എബ്രഹാമിന്റെ മാതാപിതാക്കൾ വർഷങ്ങൾ മുമ്പ് മരണപ്പെട്ടതാണെന്നും പിന്നെങ്ങനെ പെൻഷൻ കിട്ടിയെന്ന് ജോമോൻ ചോദിച്ചു.
മുൻ ചീഫ് സെക്രട്ടറിയായ എബ്രഹാം നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയാണ്. കൂടാതെ കിഫ്ബിയുടെ സിഇഒ എന്ന പദവിയും വഹിക്കുന്നുണ്ട്. ഇതെല്ലാം സന്തത സഹചാരിക്ക് മുഖ്യമന്ത്രി കനിഞ്ഞ നൽകിയ ചുമതലകളാണ്. 2015 ൽ എബ്രഹാമിന് വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്ന് കാണിച്ച് ജോമോൻ പുത്തൻപുരയ്‌ക്കൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. .പിന്നാലെ വിജിലൻസിനെ സമീപിച്ചെങ്കിലും അവർ എബ്രഹാമിന് ക്ലീൻ ചിറ്റ് നൽകി.
2015ൽ ധനവകുപ്പിൽ അഡിഷണൽ സെക്രട്ടറി ആയിരിക്കുമ്പോഴാണ് വസ്തുവകകൾ വാങ്ങിക്കൂട്ടിയതെന്നാണ് ആരോപണം. ചട്ടപ്രകാരം എല്ലാം വകുപ്പ് സെക്രട്ടറിമാരും സ്വത്ത് വിവരങ്ങൾ രേഖാമൂലം ചീഫ് സെക്രട്ടറിയെ അറിയിക്കണം. എന്നാൽ എബ്രഹാം ഇതും പാലിച്ചില്ല. ചീഫ് സെക്രട്ടറി നടപടിയും എടുത്തില്ല. ഇതെല്ലാം കോടതിയെയും സംശയത്തിലാക്കി. രേഖകളും വാദങ്ങളും പരിശോധിച്ച കോടതി അനധികൃത സ്വത്തുണ്ടെന്ന് പ്രഥമദൃഷ്ട്യ കണ്ടെത്തി. ഇതോടെയാണ് അന്വേഷണത്തിന് സിബിഐ എത്തുന്നത്.















