മുര്‍ഷിദബാദ്: വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ മറവിൽ ബംഗാളില്‍ ഗോധ്ര ആവർത്തിക്കാൻ ശ്രമം.പശ്ചിമ ബംഗാളിലെ മുർഷിദാബാദിലും ഡയമണ്ട് ഹാർബറിലും വഖഫ് ഭേദഗതി ബില്ലിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധം വെള്ളിയാഴ്ച അക്രമാസക്തമായി.വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം അക്രമികൾ ഒത്തു കൂടി പോലീസിന് നേരെ കല്ലെറിയുകയും പോലീസ് വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. നിംതിത റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനുനേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. പ്രതിഷേധക്കാര്‍ റെയില്‍വേ സ്റ്റേഷനകത്ത് കടന്ന് സാധനസാമഗ്രികള്‍ അടിച്ച് തകര്‍ത്തതായും വലിയ തോതില്‍ നാശനഷ്ടം ഉണ്ടാക്കിയതായും റെയില്‍വെ അധികൃതര്‍ അറിയിച്ചു.
പ്രതിഷേധക്കാരെ തടയുന്നതിനിടെ പത്തോളം പോലീസുകാര്‍ക്ക് പരിക്കേറ്റു.പ്രതിഷേധക്കാരെ തടയാനും കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുമായി ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
പ്രതിഷേധങ്ങളും അക്രമങ്ങളും കാരണം സംഭവത്തിന് പിന്നാലെ രണ്ട് ട്രെയിനുകള്‍ റദ്ദാക്കുകയും അഞ്ചോളം ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായും റെയില്‍വെ അധികൃതര്‍ അറിയിച്ചു. അക്രമത്തില്‍ ഏതാനും പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റിട്ടുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം നിരവധി പ്രക്ഷോഭകർ ഒത്തുകൂടി മുർഷിദാബാദിൽ വഖഫ് നിയമത്തിനെതിരെ പ്രതിഷേധിക്കാൻ തുടങ്ങി. തടവുകാരെ വഹിച്ചുകൊണ്ട് സമീപത്തുകൂടി കടന്നുപോകുകയായിരുന്ന പോലീസ് വാനിന് നേരെ കല്ലെറിഞ്ഞതോടെ പ്രതിഷേധം അക്രമാസക്തമായി.
പ്രതിഷേധക്കാർ ദേശീയപാത 12 ഉപരോധിക്കുകയും പോലീസ് വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു.
മുർഷിദാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ രഘുനാഥ്ഗഞ്ച്, സുതി പോലീസ് സ്റ്റേഷൻ പ്രദേശങ്ങളിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ബിഎസ്എഫ് സേനയെയും വിന്യസിച്ചിട്ടുണ്ട്.