യൂട്യൂബ് വ്ലോഗേഴ്സിന് സന്തോഷവാർത്ത. വീഡിയോകളിൽ പശ്ചാത്തലസംഗീതം ഉപയോഗിക്കാവുന്ന പുതിയ എഐ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് യൂട്യൂബ്. പശ്ചാത്തലസംഗീതം ഉൾപ്പെടുത്തിയുള്ള മ്യൂസിക് ജനറേറ്റർ ഫീച്ചറാണ് യൂട്യൂബ് അവതരിപ്പിക്കുന്നത്. എഐയുടെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുക. പുതിയ ഫീച്ചർ വരുന്നതോടെ ക്രിയേറ്റർമാർക്ക് പശ്ചാത്തലത്തിനും ദൃശ്യങ്ങൾക്കും യോജിക്കുന്ന പാട്ടുകൾ ഇഷ്ടാനുസരണം തയാറാക്കാനാവും.
കോപ്പി റൈറ്റടിക്കാത്ത ഗാനങ്ങൾ മാത്രമേ പശ്ചാത്തലഗാനമായി ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. സിനിമകളിലെ പശ്ചാത്തല സംഗീതവും സിനിമാ ഗാനങ്ങളും മറ്റ് പ്രശസ്തരായ സംഗീതജ്ഞരുടെയും ഗായകരുടെയും ഹിറ്റ് ഗാനങ്ങൾ പശ്ചാത്തല സംഗീതമാക്കാൻ സാധിക്കില്ല.
പകർപ്പവകാശ നിയന്ത്രണങ്ങൾ കാരണം പശ്ചാത്തല സംഗീതം തെരഞ്ഞെടുക്കുക എന്നത് പ്രയാസകരമായിരിക്കും. കോപ്പി റൈറ്റ് വന്നാൽ അത് വീഡിയോയെയും ചാനലിനെയും ബാധിക്കും. എന്നാൽ പകർപ്പവകാശ നിയന്ത്രണം ഇല്ലാത്ത മ്യൂസിക് ലൈബ്രറിയിൽ നിന്ന് മാത്രമേ ക്രിയേറ്റർമാർക്ക് പശ്ചാത്തലസംഗീതം ഉപയോഗിക്കാനാവൂ.
പശ്ചാത്തലസംഗീതം തെരഞ്ഞെടുക്കുമ്പോഴാണ് രക്ഷയ്‌ക്കായി എഐയുടെ ആവശ്യം വരുന്നത്. ക്രിയേറ്റർമാരുടെ ഇഷ്ടാനുസരണം പാട്ടുകൾ നിർമിച്ചെടുക്കാൻ എഐ സഹായിക്കും. ക്രിയേറ്റർ മ്യൂസിക് ടാബിൽ പ്രത്യേകം ജെമിനൈ ഐക്കൺ നൽകിയിട്ടുണ്ട്. ഇതിൽ ക്ലിക്ക് ചെയ്താൽ ഡിസ്ക്രിപ്ഷൻ ബോക്സിൽ എങ്ങനെയുള്ള പാട്ടാണ് വേണ്ടതെന്ന് നിർദേശിക്കുക. ദൈർഘ്യം, കണ്ടന്റ് എന്നീ വിവരങ്ങളും നൽകണം. ശേഷം ജനറേറ്റർ ബട്ടൺ ക്ലിക്ക് ചെയ്യണം. ക്രിയേറ്റർമാർക്ക് ഈ ഫീച്ചർ സൗജന്യമായി ഉപയോഗിക്കാവുന്നതാണ്.















