ശ്രീനഗർ: ജമ്മുകശ്മീരിൽ മൂന്ന് പാകിസ്താൻ ഭീകരരെ സുരക്ഷാസേന വധിച്ചു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വകവരുത്തിയത്. കഴിഞ്ഞ ദിവസം രാത്രി ജമ്മുവിലെ അഖ്നൂർ സെക്ടറിലാണ് ആദ്യം വെടിവയ്പ്പുണ്ടായത്. പിന്നീട് കിഷ്ത്വാർ വനമേഖലയിലും വെടിവയ്പ്പ് നടന്നു.
ഭീകരർ അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയാണ് സുരക്ഷാ സേന വെടിയുതിർത്തത്. വനപ്രദേശത്തെ അരുവിയുടെ സമീപത്ത് കൂടി ആയുധധാരികളായ ചിലർ നടന്നുനീങ്ങുന്നതായി സൈനികരുടെ ശ്രദ്ധയിൽപെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഏറ്റുമുട്ടൽ. ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയിലെ അംഗങ്ങളാണ് കൊലപ്പെട്ടത്.
ഏറ്റുമുട്ടലിൽ ഒരു ജെസിഒ ഉദ്യോഗസ്ഥനും വീരമൃത്യുവരിച്ചു. പ്രദേശത്ത് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് തിരച്ചിൽ നടക്കുകയാണ്. 2021-ലെ ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ കരാറിന്റെ നിയമം ലംഘിച്ചാണ് വെടിവയ്പ്പ് നടന്നത്.















