സമ്പൽസമൃദ്ധിയുടെ ഒരു വിഷുക്കാലം കൂടി വന്നെത്തി. കണിയൊരുക്കാനും സദ്യയുണ്ണാനും മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. പ്രകൃതിയുടെ പ്രത്യേകതകളിൽ പകലും രാവും തുല്യമായി വരുന്ന ദിവസമാണ് വിഷു. ഉണ്ണിക്കണ്ണനെ കണികണ്ട് ഐശ്വര്യം നിറഞ്ഞ മറ്റൊരു പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് മലയാളമനസുകൾ.
വീടും പരിസരവും വൃത്തിയാക്കിയാണ് കണിക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങേണ്ടത്. പൂജമുറിയിലും ഹാളിലായൊക്കെയായാണ് കണിയൊരുക്കുന്നത്. കണിവയ്‌ക്കുന്നതിനുള്ള ഓട്ടുരുളി, നിലവിളക്ക്, കിണ്ടി എന്നിവ തേച്ചുവൃത്തിയാക്കിയ ശേഷമേ ഉപയോഗിക്കാവൂ. വീട്ടിലെ മുതിർന്നവർ വേണം കണിയൊരുക്കാനുള്ളത് എന്നാണ് പഴമക്കാർ പറയുന്നതെങ്കിലും ഇന്ന് കൊച്ചുകുട്ടികൾ പോലും കണിവയ്‌ക്കാൻ മുന്നിട്ടറങ്ങാറുണ്ട്.
കൃഷ്ണന്റെ വിഗ്രത്തിന്റെയോ ചിത്രത്തിന്റെയോ മുന്നിൽ കണിയൊരുക്കാം. ഓട്ടുരുളിയിൽ ആദ്യം കണിവെള്ളരി വയ്‌ക്കുക. പിന്നീട് അതിന്റെ ഇരുവശങ്ങളിലുമായി ചക്ക, നാളികേരം, മാങ്ങ, കദളിപ്പഴം, നാരങ്ങ, നെല്ലിക്ക എന്നിവ വയ്‌ക്കുക. ഗണപതിയുടെ ഇഷ്ടഭക്ഷണമാണ് ചക്കയും നാളികേരവും. മാങ്ങ സുബ്രഹ്മണ്യന്റെയും കദളിപ്പഴം ഉണ്ണിക്കണ്ണന്റെയും ഇഷ്ടവിഭവമാണ്. ലക്ഷ്മീദേവിയുടെ സങ്കൽപത്തിനായി നാരങ്ങയും നെല്ലിക്കയുമാണ് വയ്‌ക്കുന്നത്.
പച്ചക്കറികൾ, കൈതചക്ക, വെറ്റിലയും അടയ്‌ക്കയും, വാൽകണ്ണാടി, സ്വർണം, വെള്ളി, നാണയങ്ങൾ, കോടിമുണ്ടും, ഗ്രന്ഥം എന്നി ഉരുളിയിൽ വയ്‌ക്കണം. കുങ്കുമച്ചെപ്പും കൺമഷിക്കൂട്ടും ഇതിനൊപ്പം വയ്‌ക്കുന്നവരുമുണ്ട്. ലക്ഷ്‌മിയുടെ പ്രതീകമായാണ് സ്വർണവും നാണയങ്ങളും വയക്കുന്നത്. പച്ചക്കറി വിത്തുകൾ വയ്‌ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകൾ വിതയ്‌ക്കുന്ന പതിവ് ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്. എല്ലാം വച്ചതിന് ശേഷം അതിന് മുകളിലായി കണിക്കൊന്ന വയ്‌ക്കണം. പഴങ്ങൾക്കും പച്ചക്കറികൾക്കുമിടയിലായി കണിക്കൊന്ന പൂക്കൾ വിതറണം. അതിരാവിലെ മാത്രമേ വിളക്ക് കൊളുത്താൻ പാടുള്ളൂ.