മനുഷ്യ വിസർജ്യം പുനരുപയോഗിക്കാൻ മാർഗം കണ്ടെത്തുന്നവർക്ക് 25 കോടി ( 3 മില്യൺ ഡോളർ) രൂപ പാരിതോഷികം പ്രഖ്യാപിച്ച് നാസ. പൊതുജനങ്ങൾക്കായി നടത്തുന്ന ലൂണാ റീസൈക്കിൾ ചാലഞ്ചിന്റെ ഭാഗമായാണ് വമ്പൻ പ്രഖ്യാപനം. ചാലഞ്ചിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇതും കൂടി അറിയണം. ഭൂമിയിലെ അല്ല ചന്ദ്രനിലെ മലം, മൂത്രം, ഛർദ്ദിയും കൈകാര്യം ചെയ്യാനുള്ള ഐഡിയ ആണ് നാസയ്‌ക്ക് പറഞ്ഞു കൊടുക്കേണ്ടത്.
നിലവിൽ, അപ്പോളോ ദൗത്യത്തിൽ പങ്കെടുത്തവർ ഉപേക്ഷിച്ച 96 ബാഗ് മനുഷ്യ മാലിന്യങ്ങൾ ചന്ദ്രനിൽ അവശേഷിക്കുന്നുണ്ട്. ബഹിരാകാശ വാഹനങ്ങളിൽ പ്രത്യേക സൗകര്യങ്ങൾ ഉണ്ടെങ്കിലും പരീക്ഷണത്തിനായി കല്ലും മണ്ണും പാറകളും കൊണ്ടുവരുമ്പോൾ ഉണ്ടാകുന്ന ഭാരക്കൂടുതൽ പരിഹരിക്കാനാണ് മാലിന്യങ്ങൾ അവിടെത്തന്നെ ഉപേക്ഷിച്ചത്. ബഹിരാകാശത്തെ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു മാർഗം കണ്ടെത്തുക എന്നതാണ് ചാലഞ്ചിന്റെ ലക്ഷ്യം. ഭാവിയിൽ ചന്ദ്ര ദൗത്യങ്ങളിൽ നിർദ്ദേശം ഉപയോഗപ്പെടുത്തും.
സുസ്ഥിരമായ ബഹിരാകാശ പര്യവേക്ഷണത്തിന് നാസ പ്രതിജ്ഞാബദ്ധമാണ്. മനുഷ്യ ബഹിരാകാശ ദൗത്യങ്ങൾക്കായി തയ്യാറെടുക്കുമ്പോൾ മനുഷ്യ വിസർജ്ജങ്ങൾ അടക്കമുള്ള മാലിന്യങ്ങൾ വർദ്ധിക്കും. ഇത് ബഹിരാകാശത്ത് തന്നെ സംസ്കരിക്കാനും പുനരുപയോഗം ചെയ്യാനും മാർഗം കണ്ടെത്തണം. അത് സാധ്യമായാൽ വളരെ കുറച്ച് മാലിന്യങ്ങൾ മാത്രം തിരികെ ഭൂമിയിലേക്ക് കൊണ്ടു വന്നാൽ മതിയാകും, നാസയുടെ വെബ്‌സൈറ്റിൽ പറയുന്നു.
കഴിഞ്ഞമാസം 31വരെയായിരുന്നു എൻട്രികൾ സമർപ്പിക്കേണ്ടത്. ആദ്യ റൗണ്ടിൽ ലഭിച്ച അപേക്ഷകൾ നാസ അവലോകനം ചെയ്തുവരികയാണ്. ഇതിൽ തിരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങളിൽ കൂടുതൽ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തും. വിജയിക്കുന്ന ടീമിന് 3 ദശലക്ഷം ഡോളർ സമ്മാനമായി നൽകുകയും ചെയ്യും.