കൊൽക്കത്ത: വഖ്ഫ് ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ പേരിൽ പശ്ചിമബംഗാളിൽ നടന്ന അക്രമങ്ങളിൽ എൻഐഎ അന്വേഷണം നടത്തണമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. ബംഗാളിലെ മുർഷിദാബാദിലാണ് കഴിഞ്ഞ ദിവസം ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധങ്ങൾക്കിടെ മുർഷിദാബാദ് റെയിൽവേ സ്റ്റേഷനിൽ നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ അന്വേഷണം ആവശ്യപ്പെട്ടാണ് സുവേന്ദു അധികാരി രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര റെയിൽവേ മന്ത്രിക്ക് അദ്ദേഹം കത്തയച്ചു.
ആക്രമണങ്ങൾക്ക് പിന്നിൽ ഗൂഢാലാേചന നടന്നിട്ടുണ്ടെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന സൂത്രധാരന്മാരുടെ യഥാർത്ഥ മുഖം പുറത്ത് കൊണ്ടുവരണമെന്നും സുവേന്ദു അധികാരി കത്തിൽ പറഞ്ഞു. റെയിൽവേ സ്റ്റേഷൻ പോലുള്ള പൊതുയിടങ്ങൾ ലക്ഷ്യമിട്ടുള്ള ഇത്തരം പ്രവൃത്തികൾ വച്ചുപൊറുപ്പിക്കരുത്. ഇത് രാജ്യത്തിന് ഭീഷണി ഉയർത്തുന്നതാണ്. കേസ് ഭീകരവിരുദ്ധ ഏജൻസിക്ക് കൈമാറണം. സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും സുവേന്ദു അധികാരി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം മുർഷിദാബാദിൽ വഖ്ഫിനെതിരെ നടത്തിയ തൃണമൂൽ പ്രവർത്തകരുടെ പ്രതിഷേധം അക്രമങ്ങൾക്ക് വഴിവച്ചിരുന്നു. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിയുകയും പൊലീസ് വാഹനങ്ങൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. അക്രമികൾ റെയിൽവേ ജീവനക്കാരെ മർദ്ദിച്ചു. ജീവനക്കാരുടെ വാഹനങ്ങൾ കത്തിക്കുകയും ചെയ്തു.
അക്രമം തുടർന്നതോടെ ജീവനക്കാർ ഓടിരക്ഷപ്പെടുകയായിരുന്നു. ഈ സാഹചര്യത്തെ തുടർന്ന് ഈസ്റ്റേൺ റെയിൽവേ നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. ആറ് മണിക്കൂറിലധികം വൈകിയാണ് ട്രെയിനുകൾ ഓടിയത്. അക്രമത്തിൽ 15 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. 118 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.















