ഗുജറാത്ത് ടൈറ്റൻസിനെതിരെ അനായാസ ജയവുമായി ലക്നൗ സൂപ്പർ ജയൻ്റ്സ്. മൂന്ന് പന്ത് ബാക്കി നിൽക്കെ ആറു വിക്കറ്റിനാണ് ഗുജറാത്ത് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം അവർ മറികടന്നത്. ഐപിഎൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ലക്നൗ നിലവിൽ. എയ്ഡൻ മാർക്രം(58) നിക്കോളാസ് പുരാൻ (61) എന്നിവർ തുടർച്ചയായ മത്സരത്തിലും ഫോമായതോടെ ലക്നൗവിന് കാര്യങ്ങൾ എളുപ്പമായിരുന്നു.
നേരത്തെ മികച്ച തുടക്കം ലഭിച്ച ഗുജറാത്തിനെ ലക്നൗ ബൗളിംഗ് നിര പിടിച്ചുകെട്ടുകയായിരുന്നു. ഒരു ഘട്ടത്തിൽ 12 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 119 റൺസ് നേടിയ ഗുജറാത്തിന് ശേഷിക്കുന്ന 8 ഓവറിൽ നേടാനായത് 31 റൺസായിരുന്നു. ശുഭ്മാൻ ഗിൽ 38 പന്തിൽ 60 റൺസെടുത്തു. സായ് സുദർശൻ ഒരിക്കൽക്കൂടി അർദ്ധ സെഞ്ച്വറി (56) നേടി മത്സരത്തിൽ മറ്റാരും കാര്യമായി തിളങ്ങിയതുമില്ല.
ഷർദൂൽ താക്കൂർ, രവി ബിഷ്ണോയ് എന്നിവർ രണ്ടും ദിഗ്വേഷ് രത്തി, ആവേഷ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. മറുപടി ബാറ്റിംഗിൽ ഓപ്പണറായി എത്തിയെങ്കിലും പന്ത് (21) വീണ്ടും നിരാശപ്പെടുത്തി. മധ്യനിരയിൽ പുരാന്റെ ഇന്നിംഗ്സാണ് ലക്നൗവിന് കരുത്ത് പകർന്നത്. ഏഴ് പടുകൂറ്റൻ സിക്സുകളാണ് താരം പറത്തിയത്. ആയുഷ് ബദോനി (28) വിജയ റൺ കുറിച്ചു.