കൊൽക്കത്ത: മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമബംഗാൾ ബിജെപി സംസ്ഥാന അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ സുകാന്ത മജുംദാർ. ഹൈന്ദവരെ ഭീഷണിപ്പെടുത്തി മമതയും സർക്കാരും മറ്റൊരു ബംഗ്ലാദേശ് സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും അവരുടെ നിർദേശപ്രകാരം പൊലീസ് മൗനം പാലിക്കുകയാണെന്നും സുകാന്ത മജുംദാർ പറഞ്ഞു. വഖ്ഫ് ബില്ലിനെതിരെ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇത്രയും അക്രമണം നടന്നിട്ടും പൊലീസ് ഒന്നും ചെയ്യുന്നില്ല. മമത ബാനർജിയുടെ നിർദേശപ്രകാരം അവർ മൗനം പാലിക്കുകയാണ്. ഹൈന്ദവരെ സർക്കാർ ഭീഷണിപ്പെടുത്തുന്നു. ബംഗ്ലാദേശ് സൃഷ്ടിക്കാനാണ് മമത സർക്കാർ ശ്രമിക്കുന്നത്. എന്നാൽ ഹൈന്ദവർ എന്നും പോരാടിയിട്ടുണ്ട്. അത് തുടരുക തന്നെ ചെയ്യും.
മുർഷിദാബാദിലെ വീടുകളിൽ കയറി അക്രമികൾ മോഷണം നടത്തുന്നു. സ്ഥിതിഗതികൾ അപകടകരമാണ്. പ്രദേശത്തെ ഹിന്ദു സ്ത്രീകളെ പീഡിപ്പിക്കുകയും വീടുകൾ കൊള്ളയടിക്കുകയും ചെയുന്നു. പൊലീസ് മൗനം തുടരുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിവരങ്ങൾ അന്വേഷിച്ചിരുന്നെന്നും മജുംദാർ പറഞ്ഞു.
സംസ്ഥാനത്ത് ബിജെപി ഭരിച്ചിരുന്നെങ്കിൽ ഇത്തരം അക്രമസംഭവങ്ങൾ ഉണ്ടാകില്ലായിരുന്നു. ഗുണ്ടായിസവും അക്രമവും അഞ്ച് മിനിറ്റിനുള്ളിൽ ഞങ്ങൾ അടിച്ചമർത്തിയേനെ. സംസ്ഥാന സർക്കാരിന്റെ പ്രീണന നയം കാരണം ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ല. തൃണമൂൽ കോൺഗ്രസിലെ ആളുകളും വഖ്ഫ് സ്വത്തുക്കൾ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുകയാണ്. അതിനാൽ മുസ്ലീം സമൂഹത്തിലെ ആളുകൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.















