കൊൽക്കത്ത: പശ്ചിമബംഗാളിൽ വഖ്ഫ് ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധത്തിൽ കലാപഭൂമിയായി മുർഷിദാബാദ്. പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. നഗരത്തിലുടനീളം നടന്ന അക്രമത്തിൽ 138-ലധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 35 പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.
പൊലീസിന് നിയന്ത്രിക്കാൻ കഴിയുന്നതിനും അതീതമാണ് ആക്രമണമെന്ന് മുതർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കേന്ദ്രസേനയെ വിന്യസിക്കണമെന്ന കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ ബംഗാളിലെ അതിർത്തി സുരക്ഷാസേന ഐജി കർണി സിംഗ് ശെഖാവത്ത് മുർഷിദാബാദ് സന്ദർശിച്ചു.
300 ബിഎസ്എഫ് ഉദ്യോഗസ്ഥരെ മുർഷിദാബാദിൽ വിന്യസിച്ചിട്ടുണ്ട്. സുതി, ഷംഷേർഗഞ്ച് തുടങ്ങിയ സ്ഥലങ്ങളിൽ അർദ്ധസൈനികരെയും വിന്യസിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസം രാത്രി തന്നെ സേനാംഗങ്ങൾ പ്രദേശത്ത് പട്രോളിംഗ് നടത്തിയിരുന്നു. അക്രമിക്കപ്പെട്ട കുടുംബങ്ങളുമായി ഉദ്യോഗസ്ഥർ സംസാരിക്കുകയും ചെയ്തു.
ഹൈന്ദവരെ ലക്ഷ്യമിട്ടാണ് അക്രമം നടക്കുന്നതെന്നും ഹിന്ദുക്കൾ സുരക്ഷിതരല്ലെന്നും ബിജെപി നേതാവ് സുവേന്ദു അധികാരി പ്രതികരിച്ചു. ഹൈന്ദവരുടെ ഉത്സവങ്ങൾ ആഘോഷിക്കുന്നതിന് കോടതിയിൽ പോകേണ്ട സ്ഥിതിയാണ് ഇവിടെയുള്ളത്. വീടുകളും കടകളും കൊള്ളയടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.