ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്‌ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതിയിലെ രണ്ടംഗ ബെഞ്ചിന്റെ വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയേക്കുമെന്നു സൂചന . സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്നതിനായി ആഭ്യന്തരമന്ത്രാലയം നീക്കം തുടങ്ങിയാതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്‌ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച് വിധി പ്രസ്താവിച്ചത് ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ്. അതേ ബെഞ്ചിന് മുമ്പാകെ പുനഃപരിശോധനാ ഹര്‍ജി നല്‍കാനാണ് നീക്കം എന്നറിയുന്നു.
ഇത്തരമൊരു സമയപരിധി ഭരണഘടനയില്‍ നിഷ്‌കര്‍ഷിച്ചിട്ടില്ല. രണഘടനയില്‍ പോലും നിഷ്‌കര്‍ഷിച്ചിട്ടില്ലാത്ത ഒരു കാര്യം എങ്ങനെ വിധിന്യായത്തില്‍ എഴുതിചേര്‍ക്കാന്‍ കഴിയും?ഭരണഘടനയില്‍ ഭേദഗതി കൊണ്ടുവരാനുള്ള അധികാരം പാര്‍ലമെന്റിന് മാത്രമാണ്. പാര്‍ലമെന്റിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് വിധിന്യായം എന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കാനാണ് കേന്ദ്രം ഒരുങ്ങുന്നതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ടുചെയ്യുന്നു. രാഷ്‌ട്രപതിയുടേതടക്കം സമയപരിധിയില്‍ എങ്ങനെ കടന്നുകയറി ഒരു കോടതിക്ക് വിധി പുറപ്പെടുവിക്കാനാകുമെന്ന ചോദ്യമുണ്ട്.
നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ അയച്ചാല്‍ രാഷ്‌ട്രപതി മൂന്ന് മാസത്തിനുള്ളില്‍ അതില്‍ തീരുമാനം എടുക്കണമെന്നാണ് സുപ്രീംകോടതി പറഞ്ഞത്. തീരുമാനം വൈകിയാല്‍ അതിനുള്ള കാരണം സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിക്കണമെന്നും സുപ്രീംകോടതിയുടെ പറയുന്നു. രാഷ്‌ട്രപതിയുടെ തീരുമാനം വൈകിയാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.















