ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരനായ തഹാവൂർ ഹുസൈൻ റാണ ദുബായിൽ പോയത് പാക് ഭീകരസംഘടനയായ ഐഎസുമായി കൂടിക്കാഴ്ച നടത്താനെത്ത് എൻഐഎ. ഐഎസ് ഏജന്റുമായി ചർച്ച നടത്തിയെന്ന് എൻഐഎ കണ്ടെത്തി. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായി റാണയ്‌ക്ക് ബന്ധമുണ്ടായിരുന്നെന്ന സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
റാണ ചോദ്യംചെയ്യലിന് സഹകരിക്കുന്നില്ലെന്ന് എൻഐഎ അറിയിച്ചു. റാണയും ഡേവിഡ് കോൾമാൻ ഹെഡ്ലിയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡുകൾ എൻഐഎ പരിശോധിക്കും. ഈ ഫോൺകോളുകൾ കേസിൽ നിർണായക തെളിവുകൾ നൽകുമെന്നും നിരവധി ചോദ്യങ്ങൾക്ക് ഉത്തരമാകുമെന്നുമാണ് എൻഐഎയുടെ നിഗമനം.
ദാവൂദ് ഇബ്രാഹിമിന്റെ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡി കമ്പനിയുമായി റാണയ്‌ക്ക് ബന്ധമുണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐയുമായും ലഷ്‌കർ-ഇ-ത്വയ്ബയുമായും റാണയ്‌ക്കുള്ള ബന്ധവും എൻഐഎ പരിശോധിക്കുന്നുണ്ട്.















