കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരിക്കേസിൽ പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി വിചാരണക്കോടതി. പിടിച്ചെടുത്ത കൊക്കെയ്ന്റെ ഘടകങ്ങൾ വേർതിരിച്ച് പരിശോധിക്കാൻ പൊലീസ് മിനക്കെട്ടില്ല. പ്രതികൾ കൊക്കെയ്ൻ ഉപയോഗിച്ചോയെന്ന പ്രാഥമിക പരിശോധന പോലും ഉണ്ടായില്ല, കോടതി വ്യക്തമാക്കി.
ഒന്നാം പ്രതിയായ രേഷ്മയുടെ പോക്കറ്റിൽ നിന്നും ലഹരി കണ്ടെടുത്തു എന്നായിരുന്നു പൊലീസ് പറഞ്ഞത്. എന്നാൽ കൊക്കെയ്ൻ കണ്ടെടുത്തില്ലെന്നാണ് വനിത പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി. പട്രോംളിഗ് സംഘത്തിന് ലഭിച്ച് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നായിരുന്നു പൊലീസ് എഫ്ഐആർ. എന്നാൽ വിവരം ലഭിച്ചില്ലെന്നാണ് പട്രോംളിഗ് സംഘം കോടതിയിൽ പറഞ്ഞത്. ഫ്ലാറ്റിൽ നിന്നും പിടിച്ചെടുത്ത വസ്തുക്കൾ സെർച്ച് മെമ്മോയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഒരു ഡസനോളം വീഴ്ചകളാണ് കോടതി എണ്ണിപ്പറഞ്ഞത്. ഇതാണ് നടൻ അടക്കമുള്ള പ്രതികൾ കുറ്റവിമുക്തരാകാനുള്ള കാരണവും.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഷൈൻ ടോം ചാക്കോയെ കോടതി കുറ്റവിമുക്തനാക്കിയത്. കേരളത്തിലെ ആദ്യ കൊക്കെയ്ൻ കേസായിരുന്നു ഇത്. സംസ്ഥാനത്ത് എംഡിഎംഎയും രാസലഹരിയുമായി ബന്ധപ്പെട്ട് ദിനംപ്രതി നൂറുകണക്കിന് കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. ലഹരി പിടികൂടലും അറസ്റ്റും മുറപോലെ നടക്കുന്നുണ്ടെങ്കിലും ഇതിൽ 90 ശതമാനം കേസുകളും പൊലീസിന്റെ പിടിപ്പുകേട് കൊണ്ട് ആവിയായി പോകും. അതിന് ഏറ്റവും വലിയ തെളിവാണ് നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരിക്കേസ്.
ഷൈൻ അടക്കം എല്ലാം പ്രതികളേയും എറണാകുളം അഡിഷണൽ കോടതി കുറ്റവിമുക്തരാക്കിയത്. ലഹരിക്കേസിൽ പാലിക്കേണ്ട പ്രാഥമിക നടപടി ക്രമങ്ങൾ പോലും പൊലീസ് പാലിക്കാത്തതാണ് പ്രതികളെ വെറുതെ വിടാൻ കാരണം. 2015 ജനുവരി 30 നാണ് ഷൈൻ ടോം ചാക്കോയും നാല് യുവതികളും 10 ഗ്രാം കൊക്കെയ്നുമായി പിടിയിലാകുന്നത്. സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിഷാമിന്റെ കടവന്ത്രയെ ഫ്ലാറ്റിൽ നിന്നാണ് സംഘത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വെള്ളിത്തിരയിൽ കത്തി നിന്നിരുന്ന യുവനായകൻ പിടിക്കപ്പെട്ടതോടെ കേസ് വാർത്തകളിൽ നിറഞ്ഞു. സിനിമയും ലഹരിയും വലിയ ചർച്ചയായി.
എന്നാൽ പൊലീസിന്റെ അറിവുകേടാണ് കേസ് ആവിയാക്കിയതെന്ന് അന്ന് തന്നെ നിയമവിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. അറസ്റ്റ് നടന്ന ദിവസം തന്നെ തോറ്റുപോയ കേസ് എന്നാണ് കേസിന് നൽകുന്ന വിശേഷണം. ലഹരിക്കേസ് കൈക്കാര്യം ചെയ്യുന്നതിന്റെ ബാലപാഠം പോലും അറിയാത്ത ഉദ്യോഗസ്ഥരാണ് കേസ് നശിപ്പിച്ചതെന്ന് വ്യക്തം.















