അതിഗംഭീര ട്രാൻസ്ഫർമേഷനുമായി നടി രജിഷ വിജയൻ. ആറ് മാസം നീണ്ട കഠിനപ്രയത്നത്തിലൂടെ 15 കിലോയാണ് താരം കുറച്ചത്. രജിഷയുടെ ട്രാൻസഫർമേഷൻ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. താരത്തിന്റെ പുതിയ ലുക്ക് വരാനിരിക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണെന്നാണ് വിവരം.
അലി ഷിഫാസാണ് രജിഷയുടെ പരിശീലകൻ. തികച്ചും ആത്മവിശ്വാസത്തോടെയും പരിശ്രമത്തോടെയും നേടിയെടുത്തതാണ് ഈ മാറ്റം എന്നാണ് അലി ഷിഫാസ് പറയുന്നത്. ആദ്യമായി കണ്ടപ്പോൾ രജിഷയ്‌ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ രജിഷയ്‌ക്ക് പരിക്കേറ്റിരുന്നു. അതൊന്നും കാര്യമാക്കാതെയാണ് രജിഷ വർക്കൗട്ട് ആരംഭിച്ചത്. കൃത്യമായ ഡയറ്റിലൂടെയും കൊഴുപ്പ് അടങ്ങിയ ആഹാരങ്ങൾ ഒഴിവാക്കിയുമാണ് മുന്നോട്ട് പോയത്. പുതിയ ചിത്രത്തിന് വേണ്ടി എല്ലാവിധ ആശംസകളും നേരുന്നുവെന്നും അലി ഷിഫാസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സംവിധായകൻ ഖാലിദ് റഹ്മാന്റെ നിർദേശപ്രകാരം കഴിഞ്ഞ വർഷമാണ് രജിഷ അലി ഷിഫാസിനെ സമീപിച്ചത്. അലി ഷിഫാസിന്റെ പോസ്റ്റിന് മറുപടിയായി നന്ദി അറിയിച്ച് രജിഷയുടെ കമന്റ് ബോക്സിൽ വന്നു. ‘താങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇത് സാധ്യമാകില്ലായിരുന്നു’ – എന്നാണ് രജിഷ കുറിച്ചത്.















