ന്യൂഡൽഹി: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സുപ്രീംകോടതിയെ സമീപിച്ചു. നിലവിൽ നടക്കുന്ന പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മഞ്ജുഷ ഹർജി നൽകിയത്.
കേസിൽ കേരളാ പൊലീസിന്റെ അന്വേഷണം തുടരട്ടെയെന്ന നിലപാടായിരുന്നു ഹൈക്കോടതി സ്വീകരിച്ചത്. ഡിവിഷൻ ബെഞ്ചും ഇതാവർത്തിച്ചിരുന്നു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിക്കാൻ കുടുംബം തീരുമാനിച്ചത്. സിപിഎം നേതാവ് പിപി ദിവ്യ പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്നാണ് നവീന്റെ കുടുംബത്തിന്റെ ആക്ഷേപം.
ദിവ്യയുടെ അഴിമതി ആരോപണത്തിലെ പരാതിക്കാരൻ പ്രശാന്ത് എന്നയാൾക്കെതിരെ അന്വേഷണം നടക്കുന്നില്ലെന്നും മഞ്ജുഷ ഹർജിയിൽ പറഞ്ഞിരുന്നു. നവീന്റെ മരണത്തിന് കാരണം കണ്ടെത്താനും കുറ്റവാളികളെ നിയമത്തിന് മുൻപിൽ കൊണ്ടുവരാനും ഏതറ്റം വരെയും പോകുമെന്ന നിലപാടിലാണ് കുടുംബം. ഹർജി ഈയാഴ്ച തന്നെ സുപ്രീംകോടതി പരിഗണിച്ചേക്കും.















