ന്യൂഡൽഹി: ഹരിയാനയിലെ ഹിസാർ വിമാനത്താവളത്തിൽ നിന്നും അയോദ്ധ്യയിലേക്കുള്ള ആദ്യ വിമാനം ഫ്ലാഗ്ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങും അദ്ദേഹം നിർവഹിച്ചു. 410 കോടി രൂപ ചെലവിലാണ് ടെർമിനൽ നിർമിക്കുന്നത്. വികസിത ഭാരതം എന്ന സ്വപ്നസാക്ഷാത്കാരത്തിന്റെ ഭാഗമാണ് ഹരിയാനയിലെ വികസന പരിപാടികളെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഹിസാറിൽ നിന്ന് അയോദ്ധ്യയിലേക്ക് ആഴ്ചയിൽ രണ്ട് വിമാനസർവീസുകളാണ് ഉള്ളത്. ജമ്മുകശ്മീർ, അഹമ്മദാബാദ്, ജയ്പൂർ, ചണ്ഡീഗഡ് തുടങ്ങിയ നഗരങ്ങളിലേക്ക് ആഴ്ചയിൽ മൂന്ന് വിമാന സർവീസുകളും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ വികസനത്തിന്റെ സുപ്രധാന ചുവടുവയ്പ്പാണ് അടിസ്ഥാനസൗകര്യങ്ങളുടെ വികസനം. ഹരിയാനയിൽ നടന്ന പരിപാടിയിൽ നിരവധി വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. അംബേദ്കർ ജയന്തിയോട് അനുബന്ധിച്ചായിരുന്നു ചടങ്ങുകൾ നടന്നത്.
യമുനനഗറിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുക്കും. ഭാരത്മാല പരിയോജനയ്‌ക്ക് കീഴിൽ നിർമിച്ച 1,070 കോടി രൂപയുടെ റെവാരി ബൈപാസ് പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. യുമനാനഗറിലെ റാലിയിലും പ്രധാനമന്ത്രി പങ്കെടുക്കും.















