കൊൽക്കത്ത: മുർഷിദാബാദിൽ വഖ്ഫ് ഭേദഗതി ബില്ലിനെതിരെ നടക്കുന്ന കലാപത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന നിഗമനത്തിൽ ബംഗാൾ പൊലീസ്. എസ്ഡിപിഐ പ്രവർത്തകർ പ്രദേശത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് പ്രചാരണം നടത്തുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തി. അക്രമത്തിൽ ഇതുവരെ 200-ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്ത് ക്രമസമാധാനം കൊണ്ടുവരുന്നതിനുള്ള നടപടികൾ പൊലീസിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ടെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ജാവേദ് ഷമീം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രജിസ്റ്റർ ചെയ്യുന്ന എഫ്ഐആറുകളുടെ എണ്ണം വർദ്ധിക്കുകയാണ്. ആക്രമണത്തിന് പ്രേരിപ്പിച്ച ആളുകൾ കടുത്ത നിയമനടപടി നേരിടേണ്ടിവരും. മുർഷിദാബാദിൽ നിന്ന് പാലായനം ചെയ്തവരിൽ 19 കുടുംബങ്ങൾ തിരിച്ചെത്തിയിട്ടുണ്ട്. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാൻ സാധ്യതയുള്ളതിനാലാണ് ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചത്.
മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തുണ്ട്. എന്തെങ്കിലും ആരോപണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത് പരിശോധിച്ചതിന് ശേഷം മാത്രം പ്രതികരിക്കണമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. എസ്ഡിപിഐയുടെ തെറ്റായ പ്രചരണങ്ങളെ തുടർന്നാണ് അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.















