മുസാഫർനഗർ: മുസ്ലീം യുവതിക്കൊപ്പം യാത്ര ചെയ്ത ഹിന്ദു യുവാവിനെ ആക്രമിച്ച് ജനക്കൂട്ടം. യുവതിയുടെ ഹിജാബ് വലിച്ചൂരുകയും ഒപ്പമുണ്ടായിരുന്ന യുവാവിനെ തല്ലുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. യുപിയിലെ മുസാഫർനഗറിലാണ് സംഭവം. യുവതിയേയും യുവാവിനേയും വിചാരണ ചെയ്യുന്നതിന്റെയും മർദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
യുവതിയുടെ തലയിൽ പിടിച്ച് ഹിജാബ് പിടിച്ചുവലിക്കുന്ന മദ്ധ്യവയസ്കനെയും യുവാവിനെ മർദ്ദിക്കുന്ന മറ്റ് അക്രമികളെയും ദൃശ്യങ്ങളിൽ കാണാം. മുസാഫർനഗറിലെ ഖലപർ ഏരിയയിലാണ് സംഭവം. 20-കാരിയായ ഫർഹീനും സച്ചിനുമാണ് ആക്രമിക്കപ്പെട്ടത്.
പ്രദേശത്തെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ആക്രമിക്കപ്പെട്ട രണ്ടുപേരും. വായ്പാ തിരിച്ചടവിന്റെ തുക ഉപഭോക്താക്കളിൽ നിന്ന് സമാഹരിക്കാൻ മോട്ടോർസൈക്കിളിൽ പോവുകയായിരുന്നു ഇവർ. പെട്ടെന്ന് പത്ത് പേരടങ്ങുന്ന സംഘം തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ പൊലീസാണ് യുതിയേയും യുവാവിനേയും രക്ഷിച്ചത്. തുടർന്ന് യുവതിയുടെ പരാതിയിൽ കേസെടുക്കുകയായിരുന്നു. ആറ് പേരെ പിടികൂടുകയും ചെയ്തു.