കോഴിക്കോട്: വീട്ടിലെ പ്രസവത്തെ ന്യായീകരിച്ച് എ. പി സുന്നി വിഭാഗം നേതാവ് സയ്യിദ് സ്വാലഹ് തുറാബ് തങ്ങൾ. ആശുപത്രിയിൽ തന്നെ പ്രസവിക്കണമെന്ന് രാജ്യത്ത് നിയമമുണ്ടോയെന്നും കേസ് കണ്ട് ആരും ഭയക്കേണ്ടെന്നും സുന്നി നേതാവ് പറയുന്നു. കോഴിക്കോട് പെരുമണ്ണയിൽ നടന്ന മതപ്രഭാഷണത്തിനിടെയാണ് വീട്ടിലെ പ്രസവത്തെ ന്യായീകരിച്ചുള്ള സുന്നി നേതാവിന്റെ വാക്കുകൾ.
ആരോഗ്യമേഖലയെയും ശാസ്ത്രത്തെയും രാജ്യത്തിന്റെ നിയമവ്യവസ്ഥകളെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു മതപ്രഭാഷണം. വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനെതിരെ മുജാഹിദ് വനിതാ വിഭാഗം കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. പ്രസവം വീട്ടിൽ നടത്തണമെന്നത് അന്ധവിശ്വാസമാണെന്നും പ്രസവത്തിനായി ആരോഗ്യകേന്ദ്രങ്ങളെയാണ് സമീപിക്കേണ്ടതെന്നും മുജാഹിദ് വനിതാ വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.
മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവിച്ചതിന് പിന്നാലെയാണ് വിഷയം പൊതുയിടങ്ങളിൽ ചർച്ചയായത്. എന്നാൽ വീട്ടിലെ പ്രസവത്തെ പ്രോത്സാഹിപ്പിച്ച് ചില മതപ്രഭാഷകർ രംഗത്തെത്തിയത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.
വീട്ടിലെ പ്രസവത്തെ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരവും ഭാരതീയ ന്യയസംഹിത പ്രകാരവും നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. എന്നാൽ ഇതൊന്നും വകവയ്‌ക്കാതെയാണ് വീട്ടുപ്രസവത്തെ ന്യായീകരിച്ച് വീണ്ടും സുന്നി വിഭാഗം രംഗത്തെത്തിയത്.