ന്യൂഡൽഹി: കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ പുതിയ വഖ്ഫ് നിയമം നിഷ്പ്രഭമാക്കുമെന്ന് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്. കഴിഞ്ഞയാഴ്ചയാണ് വഖ്ഫ് ഭേദഗതി ബില്ലിൽ രാഷ്‌ട്രപതി ഒപ്പുവച്ചതോടെ പുതിയ വ്യവസ്ഥകളോടെ വഖ്ഫ് നിയമമായത്. കോൺഗ്രസ്, സിപിഎം, സിപിഐ അടക്കമുള്ള പാർട്ടികൾ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസ് എംപിയുടെ അവകാശവാദം.
“ഞങ്ങൾ അധികാരത്തിൽ വരുന്ന ദിവസം, വെറും ഒറ്റ മണിക്കൂറിനുള്ളിൽ ഈ ബിൽ പിഴുതെറിയും. ഇന്ന് അവർ മുസ്ലീങ്ങളെ ലക്ഷ്യമിടുന്നു, നാളെ അവർ മറ്റൊരാളെ ആക്രമിക്കും… അതിനാൽ ഞങ്ങൾ വീണ്ടും അധികാരത്തിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കണം,” ജനങ്ങളോട് മസൂദ് ആവശ്യപ്പെട്ടു.
ഇരുസഭകളിലെയും ചൂടേറിയ ചർച്ചകൾക്ക് ശേഷം
ഏപ്രിൽ 5നായിരുന്നു വഖ്ഫ് ഭേദഗതി ബില്ലിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ച് അംഗീകാരം നൽകിയത്. തുടർന്ന് വഖ്ഫ് നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച ആദ്യ ഹർജിക്കാരിൽ ഒരാളായിരുന്നു കോൺഗ്രസ് എംപി മസൂദ്.
വഖ്ഫ് നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു. എന്നാൽ, പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖ്ഫ് പ്രതിഷേധത്തിന്റെ പേരിൽ കലാപം അഴിച്ചുവിടുകയായിരുന്നു ചിലർ. പ്രക്ഷോഭം അക്രമാസക്തമായതോടെ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിലവിൽ ഇരുന്നൂറിലധികം പേർ അറസ്റ്റിലായി. ആക്രമണത്തിൽ എസ്ഡിപിഐക്ക് പങ്കുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.